നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : സീറ്റിനായി കോണ്‍ഗ്രസില്‍ വടംവലി
1496828
Monday, January 20, 2025 5:59 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സീറ്റിനായി കോണ്‍ഗ്രസില്‍ വടംവലി. കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാനുള്ള തന്ത്രവുമായി സിപിഎം. നിലമ്പൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസില്‍ സീറ്റിനായുള്ള വടംവലി ആരംഭിച്ചു കഴിഞ്ഞു. ഡിസിസി പ്രവര്‍ത്തനവും വിപുലമാക്കി.
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, കെപിസി സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, കെപിസിസി സെക്രട്ടറിയും കോണ്‍ഗ്രസിന്റെ ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവുമായ കെ.പി. നൗഷാദലി എന്നിവരാണ് അണിയറ നീക്കം സജീവമാക്കിയിരിക്കുന്നത്.
മുന്‍ മന്ത്രിയും മലപ്പുറത്തെ കോണ്‍ഗ്രസിന്റെ അമരക്കാരനുമായിരുന്ന ആര്യാടന് മുഹമ്മദിന്റെ മകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ആര്യാടന് ഷൗക്കത്തിനാണ് അല്പം മുന്‍തൂക്കമുള്ളത്. എന്നാല്‍ പി.വി. അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പേരാണ് നിര്‍ദേശിക്കുന്നത്.
മുസ്ലീം ലീഗുമായുള്ള വി.എസ്. ജോയിയുടെ അടുപ്പവും ജോയിയുടെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. നിലമ്പൂര്‍ മണ്ഡലത്തില്‍ ക്രൈസ്തവ വോട്ടുകളും നിര്‍ണായകമാണ്. സീറ്റിനായി ആര്യാടന് ഷൗക്കത്തും ജോയിയും രംഗത്തുള്ള സാഹചര്യത്തില്‍ മധ്യസ്ഥ സ്ഥാനാര്‍ഥിയാകാനാണ് കെ.പി. നൗഷാദലി ചരട് വലിക്കുന്നത്. മുസ്ലിം വിഭാഗങ്ങള്‍ക്കായുള്ള കെ.പി. നൗഷാദലിയുടെ സ്വീകാര്യതയും ഈ പക്ഷം ഉയര്‍ത്തി കാട്ടുന്നു. കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുക്കാന്‍ തന്നെയാണ് സിപിഎം നീക്കം.
ഇക്കുറിയും പൊതു സ്വതന്ത്രനെ പരീക്ഷിക്കുമെന്ന് സിപിഎം പറയുന്നത് വെറുതെയാകില്ല. മുതിര്‍ന്ന സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിലെ അസംതൃപ്തരുമായി ചര്‍ച്ച നടത്തിയതായാണ് പിന്നാമ്പുറ സംസാരം.
സിപിഎമ്മിന് നിലമ്പൂരില്‍ ശക്തമായ അടിത്തറ തന്നെയുണ്ട്. പി.വി. അന്‍വര്‍ ക്യാമ്പ് വിട്ടെങ്കിലും സിപിഎമ്മില്‍ നിന്ന് കാര്യമായ കൊഴിഞ്ഞുപോക്ക് ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ നിലമ്പൂരില്‍ വിജയത്തിനായി സിപിഎം.
പതിനെട്ടടവുകളും പുറത്തെടുക്കും എന്ന് ഉറപ്പാണ്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി എല്‍ഡിഎഫ് സ്വതന്ത്രനായി എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. പി.വി. അന്‍വറുമായി കോണ്‍ഗ്രസ് സഹകരിക്കുന്നതില്‍ യുവജന നേതാക്കളില്‍ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. ഇത് മുതലാക്കാനുള്ള തന്ത്രവും എല്‍ഡിഎഫ് മെനയും എന്ന കാര്യം ഉറപ്പാണ്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എം. സ്വരാജ്, നിലമ്പൂര്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഇ. പദ്മാക്ഷന് എന്നിവരും സാധ്യതാ പട്ടികയിലുണ്ടെന്നാണ് സൂചന. ക്രൈസ്തവ വോട്ടുകള്‍ കൂടി സ്വന്തമാക്കാന്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷെറോണ റോയിയെ രംഗത്ത് ഇറക്കാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്.
വനിതാ പ്രാതിനിധ്യം, യുവജന വിഭാഗം പ്രാതിനിധ്യം എന്നിവ എടുത്തു കാട്ടാനും ഷെറോണയുടെ സാനാര്ഥിത്വത്തിലൂടെ കഴിയുമെന്ന് സിപിഎം വിലയിരുത്തുന്നു. എന്നാലും യുഡിഎഫ്. മുന്നണിയെ നേരിടാന്‍ പൊതുസ്വതന്ത്രന് എന്ന നിലപാടിന് തന്നെയാണ് മുന്‍തുക്കം. ഇരുമുന്നണികള്‍ക്കും ഇത് അഭിമാന പോരാട്ടമാണ്.