പൂക്കോട്ടുമണ്ണ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ താഴ്ത്താന്‍ നടപടിയായില്ല
1497173
Tuesday, January 21, 2025 7:46 AM IST
എടക്കര: ചാലിയാര്‍ പുഴയുടെ പൂക്കോട്ടുമണ്ണ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ താഴ്ത്താന്‍ നടപടിയായില്ല. മേഖലയിലെ ജല സ്രോതസുകള്‍ വറ്റിവരളുന്നു.
ചുങ്കത്തറ, പോത്തുകല്‍, എടക്കര ഗ്രാമപഞ്ചായത്തുകളിലെ കൃഷിഭൂമികളില്‍ ജലസേചന സൗകര്യമൊരുക്കുന്നതിനായി 2016 ലാണ് മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ചൂരക്കണ്ടി പൂക്കോട്ടുമണ്ണ കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചത്. പദ്ധതി കമ്മീഷന് ചെയ്ത് വര്‍ഷങ്ങളായിട്ടും ഇതിനോടനുബന്ധിച്ച് ജലസേചന പദ്ധതികള്‍ ഒന്നും തന്നെ ആവിഷ്കരിച്ചിട്ടില്ല.
എല്ലാ വര്‍ഷവും ഡിസംബര്‍ മാസം പകുതിയോടെ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ താഴ്ത്തുന്നതോടെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ഒരളവുവരെ പരിഹാരമാവുമായിരുന്നു. എന്നാല്‍ ഈവര്‍ഷം ജനുവരി അവസാനിക്കാറായിട്ടും ഷട്ടറുകള്‍ താഴ്ത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതോടെ പ്രദേശത്തെ കിണറുകളെല്ലാം വറ്റിത്തുടങ്ങി. 2018 ലെ പ്രളയത്തിന് ശേഷം 2019 മുതല്‍ ഈ കടവില്‍ നിന്ന് മണല്‍ വാരാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ദുരന്ത നിവാരണ അഥോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി മണല്‍ വാരാന്‍ കരാര്‍ ലഭിച്ച കമ്പനി ഇവിടെ നിന്ന് മണല്‍ വാരി വില്‍പ്പന നടത്തിക്കൊണ്ടിരിക്കുകയാണ്.
ബ്രിഡ്ജിന്റെ നാനൂറ് മീറ്റര്‍ ചുറ്റളവില്‍ പുഴ തുരന്നുള്ള മണല്‍ വാരലാണ് കമ്പനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മണല്‍ വാരല്‍ കമ്പനിക്കുവേണ്ടിയാണ് ബ്രിഡ്ജിന്റെ ഷട്ടറുകള്‍ താഴ്ത്തല്‍ വൈകിപ്പിക്കുന്നതെന്നാണ് ജനങ്ങളുടെ ആക്ഷേപം.
പാലത്തിന്റെ മുകള്‍ ഭാഗത്തുള്ള മണല്‍ പൂര്‍ണമായി വാരി കഴിഞ്ഞശേഷം മാത്രമേ ഷട്ടറുകള്‍ താഴ്ത്തുകയുള്ളുവെന്നാണ് അറിയുന്നത്. മണല്‍ വാരുന്നതിന്റെ മറവില്‍ പുഴയിലെ കല്ലും കമ്പനി വില്‍പ്പന നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. എത്ര വര്‍ഷത്തേക്കാണ് ഈ കമ്പനിക്ക് കടവില്‍ നിന്ന് മണല്‍ വാരാന്‍ അനുമതി നല്കിയതെന്നുപോലും ആര്‍ക്കുമറിയില്ല. മണല്‍വാരല്‍ കമ്പനിക്കുവേണ്ടി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് കര്‍ഷകരെയും കുടിവെള്ളത്തിന് ബുദ്ധുമുട്ടുന്ന സാധാരണക്കാരായ ജനങ്ങളെയും ദുരിതത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. ലൈഫ് ഭവന പദ്ധതിയില്‍ വീടുകള്‍ ലഭിക്കുന്ന പാവപ്പെട്ടവര്‍ക്ക് പോലും ചാലിയാര്‍ പുഴയില്‍ നിന്ന് ഒരി തരി മണല്‍ എടുക്കാന്‍ അനുമതിയില്ലെന്നിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ കാട്ടുനീതി.