വാണിയമ്പലം ടൗണ്‍ സ്ക്വയര്‍: സിപിഎം പ്രക്ഷോഭത്തിലേക്ക്
1496582
Sunday, January 19, 2025 7:31 AM IST
വണ്ടൂര്‍: വണ്ടൂര്‍ വാണിയമ്പലം ടൗണ്‍ സ്ക്വയര്‍ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി സിപിഎം. പൊതുസമ്പത്ത് ചൂഷണം ചെയ്യുന്നതില്‍ പ്രധാന ഉത്തരവാദി എംഎല്‍എ ആണെന്ന് സിഐടിയു ഏരിയ പ്രസിഡന്റ് കെ.ടി. മുഹമ്മദാലി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എംഎല്‍എയെ അനുകൂലിക്കുന്നവര്‍ പോലും വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്തുണ്ടെന്നും മുഹമ്മദാലി പറഞ്ഞു.
നാലര കോടി ചെലവില്‍ ഒരേക്കര്‍ ഭൂമിയില്‍ 2014 ല്‍ നിര്‍മാണം തുടങ്ങി, 2016 ല്‍ ഉദ്ഘാടനം സംഘടിപ്പിച്ച വാണിയമ്പലം ടൗണ്‍ സ്ക്വയര്‍ ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. നാലരകോടി ചെലവ് പറയുമ്പോഴും ഒരു കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ പോലും അവിടെ നടന്നിട്ടില്ലെന്ന് സിപിഎം ആരോപിക്കുന്നു.
2016 ല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇന്ന് സാമൂഹിക വിരുദ്ധരുടെ താവളമായി വാണിയമ്പലം ടൗണ്‍ സ്ക്വയര്‍ മാറി. സിപിഎം പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. വീണ്ടും പ്രതിഷേധ സംഘടിപ്പിക്കാന്‍ കാരണം ഒടുവില്‍ പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോള്‍ നാലു കോടി സര്‍ക്കാരിലേക്ക് അടയ്ക്കാതെ അതില്‍ തൊടാന്‍ പോലും പറ്റില്ലെന്ന് മറുപടിയാണ് ലഭിച്ചതെന്നും കെ.ടി. മുഹമ്മദാലി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.ടി. മുഹമ്മദലി, സിപിഎം വാണിയമ്പലം ലോക്കല്‍ സെക്രട്ടറി ടി.പി. ഇബ്രാഹിം, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഒ. നൗഷാദ്, എ.കെ ബീനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.