നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു
1496835
Monday, January 20, 2025 5:59 AM IST
എടക്കര: പോത്തുകല്ല് മുണ്ടേരി റോഡില്‍ നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. പോത്തുകല്‍ മുണ്ടേരി റൂട്ടില്‍ കുനിപ്പാല പാലത്തിനു സമീപമാണ് അപകടം നടന്നത്. ചുങ്കത്തറയില്‍ നിന്നും മുണ്ടേരി ഭാഗത്തേക്ക് കല്യാണത്തിന് പുറപ്പെട്ട അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
മലയോര ഹൈവേയുടെ ഭാഗമായി റോഡ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും പാലത്തിന്റെ ഭാഗം പഴയ സ്ഥിതിയില്‍ തന്നെയാണ്.
വീതി കുറഞ്ഞ ഈ ഭാഗത്താണ് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞത്. പത്തടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞ കാര്‍ കമുകില്‍ തട്ടി തലകീഴായി നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യാത്രക്കാരെ രക്ഷപ്പെടുത്തി. നിസാര പരിക്കുകളോടെ ഇവര്‍ പോത്തുകല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.