സദ്ഗ്രാമം സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു
1496832
Monday, January 20, 2025 5:59 AM IST
വണ്ടൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് പോരൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ നടപ്പാക്കുന്ന ആലിക്കോട് സദ്ഗ്രാമം സമഗ്ര വികസന പ്രവൃത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ടി അജ്മൽ നിർവഹിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി. മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു .
അഞ്ച് റോഡുകളാണ് പ്രധാനമായും ഈ പദ്ധതിയിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. മുപ്പത്തിലധികം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്നതാണ് ഈ പദ്ധതി.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി. ശിവശങ്കരൻ, യൂത്ത്ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം. ടി. അലി നൗഷാദ്, പോരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കന്നങ്ങാടൻ അഷ്റഫ്, മുസ്ലിംലീഗ് പോരൂർ പഞ്ചായത്ത് പ്രസിഡന്റ് പി. അയ്യൂബ് ഖാൻ, ജനറൽ സെക്രട്ടറി അഷ്റഫ് പൊറ്റയിൽ, യൂത്ത് കോൺഗ്രസ് പോരൂർ മണ്ഡലം പ്രസിഡന്റ് എം. ഇസ്മായിൽ, മുൻ മെമ്പർ കെ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.