"നിലമ്പൂര്‍ ബൈപാസ് നിര്‍മാണത്തിനുള്ള ആദ്യഘട്ട നടപടി സ്വീകരിക്കും’
1496598
Sunday, January 19, 2025 7:32 AM IST
നിലമ്പൂര്‍: വഴിക്കടവ് മുതല്‍ വടപുറം വരെയുള്ള കെഎന്‍ജി റോഡ് നവീകരണത്തിനാവശ്യമായ പണം സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ നവീകരണ പ്രവൃത്തികള്‍ ഉടനുണ്ടാകില്ലെന്ന് പൊതുമരാമത്ത് വകുപ്പ് സംസ്ഥാന ചീഫ് എന്‍ജിനിയര്‍ അജിത് രാമചന്ദ്രന് പറഞ്ഞു.
നിലമ്പൂരില്‍ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ നിലമ്പൂരില്‍ നിര്‍മാണം എങ്ങുമെത്താതെ കിടക്കുന്ന ബൈപാസ് റോഡിന്റെ പ്രവൃത്തി സംബന്ധിച്ച് പരിശോധന നടത്തും. തത്കാലം സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായ ആദ്യറീച്ചിലെ രണ്ടര കിലോമീറ്റര്‍ ദൂരം ടാറിംഗ് നടത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
സര്‍ക്കാരിന്റെ സാമ്പത്തികനില ഗുരുതര നിലയിലായതിനാല്‍ നിലവിലുള്ള പഞ്ചായത്ത് റോഡുകളൊന്നും പൊതുമരാമത്ത് വകുപ്പിനോട് ഏറ്റെടുക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഈ സാഹചര്യത്തില്‍ നിലമ്പൂര്‍ വികസന സമിതി ഭാരവാഹികള്‍ സമര്‍പ്പിച്ച റിംഗ് റോഡ് പദ്ധതിയും ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് എന്‍ജിനിയര്‍ ചൂണ്ടിക്കാട്ടി. നിലമ്പൂര്‍ നഗരവികസനത്തിന് വേണ്ടി പി.വി. അന്‍വര്‍ എംഎല്‍എ ആയിരുന്നപ്പോള്‍ അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു.
ഈ പദ്ധതിയിലുള്‍പ്പെടുത്തിയ പ്രവൃത്തികളും പൂര്‍ത്തിയാക്കിയിട്ടില്ല. നിലമ്പൂര്‍ വനം ഓഫീസിന്റെ മതില് പൊളിച്ച് റോഡിന് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലപരിശോധനയും ചീഫ് എന്‍ജിനിയര്‍ നടത്തി. തുടര്‍ന്ന് നാടുകാണി ചുരത്തിലും സന്ദര്‍ശിച്ചു.
പരപ്പനങ്ങാടി-നാടുകാണി റോഡിന് വേണ്ടിയുള്ള ഫണ്ട് അനുവദിച്ചപ്പോള്‍ വഴിക്കടവ് മുതല്‍ വടപുറം വരെയുള്ള പ്രവൃത്തിയുടെ വിഹിതം പിന്നീട് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളായി ഈ മേഖലയില്‍ റോഡ് നവീകരണ പ്രവൃത്തി നടത്തിയിട്ടില്ല. രണ്ട് തവണ റോഡ് നവീകരണത്തിനായി സര്‍ക്കാരിലേക്ക് പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഫണ്ടനുവദിച്ചിരുന്നില്ല.