നാലാമത് കുടുംബശ്രീ നിലമ്പൂര്‍ ട്രൈബല്‍ പ്രീമിയര്‍ ലീഗ്: യുവധാര എഫ്സി പൂളക്കപ്പാറ മൂന്നാം തവണയും ജേതാക്കള്‍
1496837
Monday, January 20, 2025 5:59 AM IST
നിലമ്പൂര്‍: മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന് നിലമ്പൂര്‍ ട്രൈബല്‍ സ്പെഷല്‍ പ്രോജക്ട് സംഘടിപ്പിച്ച നാലാമത് നിലമ്പൂര്‍ ട്രൈബല്‍ പ്രീമിയര്‍ ലീഗ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യുവധാര എഫ് സി പൂളക്കപാറ മൂന്നാം തവണയും ജേതാക്കളായി.
നിലമ്പൂര്‍ ആസാദ് ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ലെജന്റ്സ് എഫ്സി അകമ്പാടത്തെ രണ്ട് ഗോളിനാണ് യുവധാര എഫ്സി പൂളക്കപ്പാറ പരാജയപ്പെടുത്തിയത്. വിജയികള്‍ക്ക് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു.
മാന്‍ ഫോഴ്സ് ചേന്നംപൊട്ടി ലൂസേഴ്സ് ഫൈനല്‍ മത്സരത്തില്‍ വിജയികളായി. ലീഗിലെ മികച്ച കളിക്കാരനായി ഹരീഷ് (ലെജന്റ്സ് എഫ്സി അകമ്പാടം), ടോപ് സ്കോറര്‍ സജിമോന്‍ (യുവധാര എഫ്സി പൂളക്കപാറ ), ബെസ്റ്റ് ഗോള്‍ കീപ്പര്‍ സുദേവന് (യുവധാര എഫ്സി പൂളക്കപാറ), ബെസ്റ്റ് ഡിഫൻഡറായി ശ്രീജിത്ത് (ലെജന്റ്സ് എഫ്സി അകമ്പാടം), ബെസ്റ്റ് എമേര്‍ജിങ് ടീമായി തെക്കന്‍സ് നെല്ലിക്കലടി എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ വി.എസ്. റിജേഷ്, നിലമ്പൂര്‍ സ്പെഷല്‍ ട്രൈബല്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ കെ.കെ. മുഹമ്മദ് സാനു, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ കെ. ജിജു, പി.കെ. കല്‍പ്പന, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ വി. വസന്ത,
മിനി സുജേഷ്, വി.ടി. ബീന, സിന്ധു അശോകന്, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരായ സ്മിഷ നായര്‍, നിഷാദ് എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ പട്ടിക വര്‍ഗ ഉന്നതികളിലെ 34 യുവജന ക്ലബുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.