മര്‍ദനക്കേസില്‍ സഹോദരങ്ങള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്
1497170
Tuesday, January 21, 2025 7:46 AM IST
മഞ്ചേരി: പട്ടികജാതിയില്‍പ്പെട്ട സ്ത്രീയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ക്ക് മഞ്ചേരി എസ്സി-എസ്ടി കോടതി ഏഴ് വര്‍ഷം കഠിന തടവിനും 25000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. മമ്പാട് പന്തലിങ്ങല്‍ കോരമംഗലത്ത് അബ്ദുള്ള (63), സഹോദരന് ഹുസൈന് എന്നിവരെയാണ് ജഡ്ജ് എം.പി. ജയരാജ് ശിക്ഷിച്ചത്. തിരുവാലി കൃഷ്ണശ്രീ വീട്ടില്‍ കണ്ണന്റെ ഭാര്യ സരോജിനി (62) യാണ് പരാതിക്കാരി. 2022 ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം.
പരാതിക്കാരി ജോലി ചെയ്തുവരുന്ന റബര്‍ തോട്ടത്തിന്റെ ഉടമസ്ഥയുടെ ഭര്‍ത്താവ് വര്‍ഗീസി(72) നും അക്രമത്തില്‍ പരിക്കേറ്റിരുന്നു. വര്‍ഗീസും പ്രതികളും തമ്മില്‍ തോട്ടത്തിന്റെ ഉടമസ്ഥാവകാശം തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
എടവണ്ണ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ. ഏബ്രഹാമാണ് കേസന്വേഷണം നടത്തിയത്. പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ നാല് മാസം അധിക തടവ് അനുഭവിക്കണമെന്നും പിഴയടക്കുന്ന പക്ഷം 30000 രൂപ പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.