ജപ്തി ഭീഷണി: കുടിയിറക്ക് ഭീതിയില്‍ നിരവധി കുടുംബങ്ങള്‍
1496597
Sunday, January 19, 2025 7:32 AM IST
കരുവാരകുണ്ട്: വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത നിരവധി കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയില്‍. വിവിധ സഹകരണ ബാങ്കുകളില്‍ നിന്നും ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത കുടുംബങ്ങളാണ് വീട് ജപ്തി ചെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കുടിയിറക്ക് ഭീഷണിയില്‍ മനംനൊന്ത് കഴിയുന്നത്.
മക്കളുടെ വിവാഹം, പഠനം, ചികിത്സ, വീട് പുനര്‍നിര്‍മാണം തുടങ്ങിയ അത്യാവശ്യകാര്യങ്ങള്‍ക്ക് വായ്പയെടുത്ത നിര്‍ധനരായ കുടുംബങ്ങളില്‍ പെട്ടവരാണ് കൂടുതലും പെരുവഴിയിലാകാന്‍ പോകുന്നത്. വായ്പയെടുത്ത ശേഷം ഗൃഹനാഥന്മാര് മരണപ്പെട്ടവര്‍, മാറാരോഗം പിടിപെട്ടവര്‍, സ്ഥിരമായി ജോലി ചെയ്യാന്‍ കഴിയാതെയായവര് തുടങ്ങി നിരവധി പേരാണ് കൃത്യമായി വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തി നടപടികള്‍ നേരിടേണ്ടി വരുന്നത്.
വായ്പയെടുത്തതിന് തുല്യമായ തുകയോ, അതില്‍ കൂടുതലോ ഇതിനകം തന്നെ പലരും തിരിച്ചടച്ചിട്ടുണ്ട്. എന്നാല്‍ ഭീമമായ പലിശ കാരണം മുതലിലേക്ക് കൃത്യമായി പണമടയ്ക്കാന്‍ കഴിയാതെയാവുകയും വായ്പയെടുത്ത തുകയേക്കാള്‍ ഇരട്ടിയിലധികം തിരിച്ചടയ്ക്കേണ്ടി വരികയും ചെയ്തതോടെ കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിനുമപ്പുറമായി തുക. കുടുംബങ്ങളുടെ നിര്‍ധനാവസ്ഥ ബോധ്യമുള്ള മാനേജര്‍മാര്‍ക്ക് പക്ഷേ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് പറയുന്നത്. മുകളില്‍ നിന്നുള്ള സമ്മര്‍ദമാണ് തങ്ങളെകൊണ്ട് കടുത്ത നടപടി സ്വീകരിക്കുന്നതിലേക്ക് നയിക്കുന്നതെന്നും മാനേജര്‍മാരില്‍ ഒരു വിഭാഗം പറയുന്നു.
ജപ്തി നടപടികളിലേക്ക് നീങ്ങുകയും മൂന്നുതരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്യാനാണ് മാനേജര്‍മാര്‍ക്ക് നല്കിയ നിര്‍ദേശം. നടപടികള്‍ ത്വരിതപ്പെടുത്താനും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടത്രെ. ഇതേ തുടര്‍ന്നാണ് വായ്പയെടുത്തവരുടെ പേരില്‍ വ്യാപകമായ നടപടികള്‍ക്ക് മാനേജര്‍മാര്‍ നിര്‍ബന്ധിതരാകുന്നത്. ഭൂരിഭാഗം പേര്‍ക്കും അഞ്ച് സെന്റ് ഭൂമിയും കൊച്ചു വീടുകളുമാണുള്ളത്.
മറ്റു വീടുകളോ ആശ്രയിക്കാവുന്ന സ്ഥലങ്ങളോ ഇല്ലാത്ത കുടുംബങ്ങളാണ് ഭൂരിഭാഗവും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരുന്നത്. ഇതോടെ ഇത്തരക്കാരുടെ ജീവിതം തന്നെ അവതാളത്തിലാകും. നിര്‍ധനരായ കുടുംബങ്ങളെ കണ്ടെത്തി വായ്പകളില്‍ ഇളവ് നല്‍കിയും പലിശ ഒഴിവാക്കിയും സംരക്ഷണമൊരുക്കണമെന്നും അതിദരിദ്രരുടെ വായ്പകള്‍ എഴുതി തള്ളുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.