പെരിന്തല്‍മണ്ണ അദാലത്ത്; 152 പരാതികള്‍ തീര്‍പ്പാക്കി മന്ത്രിമാര്‍
1489266
Sunday, December 22, 2024 7:51 AM IST
പെരിന്തല്‍മണ്ണ: മന്ത്രിമാരായ വി. അബ്ദുറഹിമാന്, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തില്‍ നടന്ന പെരിന്തല്‍മണ്ണ താലൂക്ക് തല "കരുതലും കൈത്താങ്ങും’ അദാലത്തില്‍ ആകെ ലഭിച്ചത് 470 പരാതികള്‍. നേരത്തെ ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭിച്ച 307 പരാതികളും പുതുതായി ലഭിച്ച 163 പരാതികളുമാണ് അദാലത്തിന്റെ ഭാഗമായി വന്നത്.
പരാതിക്കാരെ നേരിട്ടുകേട്ടാണ് 152 പരാതികള്‍ മന്ത്രിമാര്‍ തീര്‍പ്പാക്കിയത്. 29 കുടുംബങ്ങളുടെ എപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കി മാറ്റി. തീര്‍പ്പാകാത്ത പരാതികള്‍ രണ്ടാഴ്ചക്കുള്ളില്‍ ഉദ്യോഗസ്ഥലത്തില്‍ പരിശോധിച്ചു തീരുമാനമെടുത്ത് പരാതിക്കാരെ അറിയിക്കാന്‍ മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അദാലത്തില്‍ എംഎല്‍എമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പെരിന്തല്‍മണ്ണ നഗരസഭ ചെയര്മാന് പി. ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കളക്ടര്‍ വി.ആര്, വിനോദ്, സബ് കളക്ടര്‍ അപൂര്‍വ ത്രിപാഠി തുടങ്ങിയവര്‍ പങ്കെടുത്തു.
തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ മാര്‍ഗമായി; ചക്കിക്ക് ആശ്വാസത്തോടെ മടക്കം
പെരിന്തല്‍മണ്ണ: കാറ്റിലും മഴയിലും മരംവീണ് തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ തുക അനുവദിച്ചതോടെ 65കാരിയായ ചക്കിക്ക് ആശ്വാസത്തോടെ മടക്കം. "കരുതലും കൈത്താങ്ങും’ പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്തില്‍ സഹായം തേടിയെത്തിയ ചക്കിക്ക് ജനുവരി അഞ്ചിന് മുമ്പ് തുക കൈമാറാന്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശിക്കുകയായിരുന്നു.
കീഴാറ്റൂര്‍ വില്ലേജിലെ പറമ്പൂര് വാര്‍ഡിലെ നാല് സെന്റ് ഭൂമിയിലായിരുന്നു പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട പൂവത്തുംപറമ്പില്‍ ചക്കിയുടെ വീട്. 2023 ഒക്ടോബറിലുണ്ടായ കനത്ത കാറ്റിലും മഴയിലും പന വീണ് വീട് പൂര്‍ണമായി തകര്‍ന്നതോടെ താമസം ഭര്‍തൃസഹോദരന്റെ വീട്ടിലായി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന തനിക്ക് കയറിക്കിടക്കാനും വിവാഹം ചെയ്തയച്ച മൂന്ന് പെണ്മക്കള്ക്ക് വരാനും വീടില്ലെന്നും പ്രകൃതിക്ഷോഭ ഫണ്ടില്‍ നിന്ന് വീട് നിര്‍മാണത്തിന് ധനസഹായം അനുവദിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ചക്കി അദാലത്തിനെത്തിയത്.
മുനീഫിന് മുച്ചക്ര വാഹനവും ലൈസന്‍സും വേണം; നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം
പെരിന്തല്‍മണ്ണ: അരക്ക് താഴെ ചലനശേഷിയില്ലാത്ത അങ്ങാടിപ്പുറം പുത്തനങ്ങാടി അണ്ടിക്കോടന്‍ മുഹമ്മദ് മുനീഫിന്റെ ജീവിതാഭിലാഷമാണ് മുച്ചക്ര വാഹനവും ലൈസന്‍സും. അങ്ങാടിപ്പുറത്ത് നടന്ന "കരുതലും കൈത്താങ്ങും’ പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്തില്‍ വീല്‍ചെയറില്‍ മുനീഫ് എത്തിയത് തന്റെ സ്വപ്നം സഫലമാകുമെന്ന പ്രതീക്ഷയിലാണ്.
മന്ത്രി മുഹമ്മദ് റിയാസിനെ കണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. നേരത്തെ സന്നദ്ധ സംഘടന നല്കിയ ഇലക്ട്രിക് വീല്‍ചെയറിലാണ് ഹയര്‍സെക്കന്‍ഡറി പഠനത്തിന് സ്കൂളില്‍ പോയിരുന്നത്. എന്നാല്‍, മരുന്നുകളുടെ പാര്‍ശ്വഫലമായി അമിതഭാരമായതോടെ വീല്‍ചെയറിന് ഇടക്കിടെ അറ്റകുറ്റപ്പണികള്‍ വേണ്ടിവരികയും പണം മുടക്കാനില്ലാത്തതിനാല്‍ ഉപയോഗിക്കാന്‍ പറ്റാതാവുകയും ചെയ്തു. ഇതോടെയാണ് പുറത്തിറങ്ങാന്‍ മുച്ചക്ര വാഹനം തേടിയത്.
ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ 20കാരന്റെ ആഗ്രഹം കേട്ടറിഞ്ഞ മന്ത്രി, സാമൂഹികനീതി ഓഫീസറോട് വിശദീകരണം തേടി. നടപ്പുസാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച ഗുണഭോക്തൃ പട്ടികയില്‍ മുനീഫ് ഇടംപിടിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതോടെ ഉടന്‍ തുടര്‍നടപടിയെടുക്കാന്‍ നിര്‍ദേശം നല്കിയ മന്ത്രി, മുച്ചക്ര വാഹനം ലഭിച്ചയുടന്‍ ലൈസന്‍സ് അനുവദിക്കാനുള്ള നടപടിക്ക് ആര്‍ടിഒക്കും നിര്‍ദേശം നല്‍കിയതോടെ മനം നിറഞ്ഞാണ് മുനീഫ് മടങ്ങിയത്.
വീട്ടു നമ്പര്‍ നല്‍കുമെന്ന് മന്ത്രിയുടെ ഉറപ്പ്: എട്ടുവര്‍ഷത്തെ പോരാട്ടത്തിന് വിരാമം
പെരിന്തല്‍മണ്ണ: വീടും റോഡും തമ്മിലുള്ള അകലം മൂന്നു മീറ്ററില്ലെന്നു പറഞ്ഞ് എട്ടുവര്‍ഷമായി കെട്ടിട നമ്പര്‍ ലഭിക്കാതിരുന്ന താഴേക്കോട് പുല്ലരിക്കോട് തുവശേരില് ഷമീമയ്ക്ക് കരുതലും കൈത്താങ്ങും അദാലത്തിലൂടെ ആശ്വാസം. വീട്ടു നമ്പര്‍ നല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി വി.അബ്ദുറഹിമാന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
പുത്തൂര്‍ പുല്ലരിക്കോട് റോഡിനോടു ചേര്‍ന്നുള്ള നാല് സെന്റ് ഭൂമിയിലാണ് വീട്. റോഡും വീടും തമ്മില്‍ മൂന്നു മീറ്റര്‍ അകലമില്ലെന്നു പറഞ്ഞാണ് നമ്പര്‍ നല്‍കാതിരുന്നത്. രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഷമീമ മൂന്നു കുട്ടികള്‍ക്കൊപ്പമാണ് താമസം. ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ വീട്ടു നമ്പറിനായി പലതവണ പരാതി നല്കി പിന്നാലെ നടന്നെങ്കിലും ഫലമുണ്ടായില്ല. താലൂക്കുതല അദാലത്തിന്റെ വിവരമറിഞ്ഞ ഷമീമ പ്രതീക്ഷയോടെ പരാതി നല്‍കുകയായിരുന്നു.
വഴിയില്ലാത്തതിന്റെ വേദന പങ്കുവച്ച് ഫാരിസ്; അടിയന്തര നടപടി കൈക്കൊണ്ടു
പെരിന്തല്‍മണ്ണ: വീടുകളിലേക്ക് വഴിയില്ലെന്ന പരാതിയുമായെത്തിയ നാട്ടുകാര്‍ക്ക് വഴി നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. പുലാമന്തോള്‍ വടക്കന്‍ പാലൂര് വട്ടപ്പള്ളിയാലില് ഫാരിസാണ് റോഡിനായി "കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തില്‍ പരാതി നല്‍കിയത്.
പുലാമന്തോള്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലെ കിഴക്കേക്കര റോഡിനും കരിമ്പന്‍കുത്ത് റോഡിനും ഇടയിലുള്ള 150 മീറ്റര്‍ ദൂരത്ത് റോഡ് നിര്‍മിച്ചാല്‍ ഇരുപതോളം വീട്ടുകാർക്ക് യാത്രാ സൗകര്യം ലഭിക്കും.
ഭിന്നശേഷിക്കാരായ അഞ്ചു പേരുള്‍പ്പെടുന്ന പ്രദേശവാസികള്‍ നാളുകളായി റോഡിനായി ശ്രമം നടത്തിവരികയാണ്. ഭിന്നശേഷിക്കാരനായ തന്റെ മകനുള്പ്പെടെയുള്ളവരുടെ ചികിത്സയ്ക്കും മറ്റും വഴിയില്ലാത്തത് തടസമാണെന്ന് മന്ത്രി വി. അബ്ദുറഹിമാനെ ഫാരിസ് ധരിപ്പിച്ചു. ഇക്കാര്യത്തില്‍ പരിശോധന നടത്തി അടിയന്തരമായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
29 പേര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍
പെരിന്തല്‍മണ്ണ: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടിയവരുടെ കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തില്‍ നടന്ന "കരുതലും കൈത്താങ്ങും’ പെരിന്തല്‍മണ്ണ താലൂക്കുതല പരാതി പരിഹാര അദാലത്തിനു തുടക്കമായത്. 29 പേര്‍ക്കാണ് മുന്‍ഗണനാ കാര്‍ഡ് അനുവദിച്ചത്. ഇതില്‍ 19 പേര് നേരിട്ട് അദാലത്തിലെത്തി കാര്‍ഡുകള്‍ സ്വീകരിച്ചു. 12 പേര്‍ക്ക് അന്ത്യോദയാ അന്നയോജന (എഎവൈ) കാര്‍ഡുകളും 17 പേര്‍ക്ക് പിപിഎച്ച് കാര്‍ഡുകളും നല്കി.