ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ പ്രവേശന കവാടം: കരുവാരകുണ്ടില്‍ പ്രതിഷേധം ശക്തമാകുന്നു
1488325
Thursday, December 19, 2024 6:50 AM IST
കരുവാരകുണ്ട്: നിര്‍ദിഷ്ട പാലക്കാട് കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ കരുവാരകുണ്ട് ഇരിങ്ങാട്ടിരിയില്‍ അനുവദിച്ച പ്രവേശന വഴി എ.പി. അനില്‍കുമാര്‍ എംഎല്‍എയുടെ മൗനാനുവാദത്തോടെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരെ കരുവാരക്കുണ്ടില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രവേശന കവാടം കരുവാരകുണ്ടില്‍ തന്നെ നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റിയടക്കം വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എടത്തനാട്ടുകര, എടപ്പറ്റ, മേലാറ്റൂര്‍, തുവൂര്‍, പാണ്ടിക്കാട്, കരുവാരകുണ്ട്, കാളികാവ് തുടങ്ങി നിലമ്പൂര്‍ മേഖലയിലുള്ളവര്‍ക്ക് വരെ പ്രവേശന കവാടം ഇരിങ്ങാട്ടിരിയില്‍ ആക്കുന്നതാണ് സൗകര്യപ്രദം.
പാലക്കാട് മരുത നഗറില്‍ നിന്ന് തുടങ്ങി കോഴിക്കോട് ബൈപ്പാസില്‍ പന്തീരാങ്കാവിന് സമീപം അവസാനിക്കുന്ന 121 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഗ്രീന്‍ഫീല്‍ഡ് ഹൈവേ. ഇതിന് കരുവാരകുണ്ടില്‍ അനുവദിച്ച പ്രവേശന കവാടം മറ്റു പഞ്ചായത്തുകളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് മലയോര ജനത നീങ്ങുമെന്നും ആര്‍ജെഡി നേതാക്കള്‍ മുന്നറിയിപ്പ് നല്കി. ആര്‍ജെഡി നേതാക്കളായ ഒ.പി. ഇസ്മായില്‍, സുനില്‍ ജേക്കബ് കടമപ്പുഴ, മാനുവല്കുട്ടി മണിമല,
പി.ആര്. രാജീവ്, പി.സി. സലാം, ബാലകൃഷ്ണന് താഴത്തേത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.