കരുതലും കൈത്താങ്ങും ; അദാലത്തുകള്‍ക്ക് തുടക്കമായി
1488828
Saturday, December 21, 2024 5:18 AM IST
നിലമ്പൂര്‍: പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര അദാലത്തിന് മലപ്പുറം ജില്ലയില്‍ തുടക്കമായി. നിലമ്പൂര്‍ താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും നടത്തുന്ന അദാലത്തുകള്‍ക്ക് തുടക്കമായത്. ജില്ലയുടെ ചുമതലയുള്ള കായിക,ന്യൂനപക്ഷ ക്ഷേമ,ഹജ്ജ്,വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്, ടൂറിസം,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.
നേരത്തെ ഓണ്‍ലൈനിലും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങളിലും നല്കിയ പരാതികള്‍ക്ക് പുറമെ പുതിയ പരാതികളും അദാലത്തില്‍ സ്വീകരിക്കുന്നുണ്ട്. നേരത്തെ ലഭിച്ച പരാതികളില്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് മന്ത്രിമാര്‍ യഥാസമയം തീരുമാനമെടുത്തു. പുതിയ പരാതികള്‍ ഉദ്യോഗസ്ഥ തലത്തില്‍ പരിശോധിച്ച് രണ്ടാഴ്ചക്കകം തീര്‍പ്പാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്കി.
ഭൂമി സംബന്ധമായ പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി
കൈയേറ്റം അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, നിരസിക്കല്‍, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ,വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളര്‍ഷിപ ്പുകള് സംബന്ധിച്ചുള്ള പരാതികള്‍, അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് അദാലത്തുകളില്‍ പരിഗണിക്കുന്നത്.
അദാലത്തില്‍ ലഭിച്ചത് 791 പരാതികളാണ്. നേരത്തെ ഓണ്‍ലൈനായും താലൂക്ക് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ലഭിച്ച 432 പരാതികളില്‍ 187 എണ്ണം തീര്‍പ്പാക്കി. പുതുതായി ഇന്നലെ 359 പരാതികള്‍ കൂടി അദാലത്ത് വേദിയില്‍ ലഭിച്ചു. 236 പരാതിക്കാരെ മന്ത്രിമാര്‍ നേരില്‍കണ്ടു. തീര്‍പ്പാകാത്ത പരാതികള്‍ രണ്ടാഴ്ചക്കുള്ളില്‍ ഉദ്യോഗസ്ഥലത്തില്‍ പരിശോധിച്ചു തീരുമാനമെടുത്ത് പരാതിക്കാരെ അറിയിക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്കി.
കാട്ടുമുണ്ട തോട്ടത്തില്‍ കണ്വന്ഷന് സെന്ററില്‍ നടന്ന നിലമ്പൂര്‍ താലൂക്ക് തല അദാലത്തില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്മാന് എന്നിവര്‍ക്ക് പുറമേ പി.വി. അബ്ദുള്‍ വഹാബ് എംപി,
പി.കെ. ബഷീര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ, എഡിഎം എന്‍.എം. മെഹറലി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, താലൂക്ക്, ഫീല്‍ഡ് ലെവല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.