മഞ്ചേരിയില്‍ ലഹരി വേട്ട; അഞ്ചു പേര് പിടിയില്‍
1488005
Wednesday, December 18, 2024 5:22 AM IST
മഞ്ചേരി : വിവിധ സ്ഥലങ്ങളിലായി എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡില്‍ മയക്കു മരുന്നു സഹിതം അഞ്ചു പേരെ അറസ്റ്റ് ചെയ്തു. മൂന്ന് കേസില്‍ നിന്നായി 315 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നോവ കാറും 57000 രൂപയും കസ്റ്റഡിയിലെടുത്തു.
എക്സൈസ് അഡീഷണല്‍ കമ്മീഷണര്‍ പി. വിക്രമന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്റെെ നേതൃത്വത്തില്‍ എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളും മഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി. നൗഷാദിന്റെ നേതൃത്വത്തിലുള്ള റേഞ്ച് പാര്‍ട്ടിയും നടത്തിയ സംയുക്തമായ ഓപ്പറേഷനില്‍ രണ്ട് പേര് പിടിയിലായി.
മഞ്ചേരി ജസീല ജംഗ്ഷനില്‍ വച്ച് കുറ്റിപ്പുറം സൗത്ത് ബസാര്‍ അയനിക്കുന്നന്‍ വീട്ടില്‍ മുഹമ്മദ് ത്വയ്യിബ് (29), ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡില്‍ വച്ച് വള്ളുവങ്ങാട് സൗത്ത് സ്വദേശി അന്‍വര്‍ മന്‍സില്‍ അമല്‍ അഷ്റഫ് (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് കാല് കിലോ എംഡിഎംഎയാണ് പിടികൂടിയത്.
പുലര്‍ച്ചെ മയക്കുമരുന്ന് ചില്ലറവില്പനക്കിറങ്ങിയ ത്വയിബിനെ ബലപ്രയോഗത്തിലൂടെയാണ് സ്ക്വാഡ് പിടികൂടിയത്.
ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡില്‍ വച്ച് അമല്‍ അഷ്റഫിനെ കസ്റ്റഡിയിലെടുത്തത്.
എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗങ്ങളും മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും എടവണ്ണയില്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ നിലമ്പൂര്‍ കരുളായി സ്വദേശികളായ ചെട്ടിയില്‍ തണ്ടുപാറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് ഹാഷിം (39), കളംകുന്ന് കൊളപ്പറ്റ വീട്ടില്‍ കെ.പി. റംസാന് (46) എന്നിവര്‍ പിടിയിലായി. ഇവരില്‍ നിന്ന് 10.39 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
റംസാന് നിലവില്‍ മറ്റൊരു മയക്കുമരുന്ന് കേസില്‍ അകപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയതാണ്. ഇരുവരും ബംഗളുരൂവില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്.
എക്സൈസ് കമ്മീഷണര്‍ സ്ക്വാഡ് അംഗങ്ങളായ മലപ്പുറം ഐബി ഇന്‍സ്പെക്ടര്‍ ടി.ഷിജുമോന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ. ജിനീഷും സംഘവും സംയുക്തമായി ഇന്നലെ രാവിലെ കാവനൂര്‍ മീഞ്ചിറയില്‍ നടത്തിയ റെയ്ഡില്‍ 52.192 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
ഇതുമായി ബന്ധപ്പെട്ട് കാവനൂര്‍ മീഞ്ചിറ അക്കരപറമ്പില്‍ സുഹൈല്‍(32) എന്ന പരപ്പന്‍ സുഹൈലിനെ അറസ്റ്റ് ചെയ്തു. ഇയാളും മറ്റൊരു മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയതാണ്.