ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ച 17കാരനെ പിടികൂടി
1487820
Tuesday, December 17, 2024 6:04 AM IST
മലപ്പുറം: ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പോലീസ് പിടികൂടിയത്.
വൈരംകോട് സ്വദേശിയെ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തി ഉപദേശം നല്കി വിട്ടയച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കളക്ടറുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി സാജു കെ. അബ്രഹാം, സൈബര്‍ പോലീസ് ക്രൈം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഐ.സി. ചിത്തരഞ്ജന് എന്നിവരുടെ നേതൃത്വത്തില്‍ വാട്സ് ആപ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് നടപടി.
സൈബര്‍ ടീം അംഗങ്ങളായ എസ്ഐ നജ്മുദ്ദീന്, സിപിഒമാരായ ജസീം, റിജില്‍രാജ്, വിഷ്ണു ശങ്കര്‍, രാഹുല്‍ എന്നവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.