അങ്ങാടിപ്പുറം വഴി മെമു സര്‍വീസ് പരിഗണനയില്‍
1488830
Saturday, December 21, 2024 5:18 AM IST
അങ്ങാടിപ്പുറം: ഷൊര്‍ണൂര്‍ നിലമ്പൂര്‍ റെയില്‍പാതയില്‍ നടക്കുന്ന അമൃത് ഭാരത് സ്റ്റേഷന് നവീകരണ പദ്ധതികള്‍ വിലയിരുത്തുന്നതിനായി പാലക്കാട് ഡിവിഷണല്‍ എഡിആര്‍എം ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം പരിശോധന നടത്തി. അങ്ങാടിപ്പുറം വഴി മെമു സര്‍വീസ് പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയാത്ര പ്രശ്നം പരിഹരിക്കാന്‍ ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള രാത്രികാല മെമു സര്‍വീസും പകല്‍ സമയം മെമു സര്‍വീസും ആദ്യം പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ആലോചിക്കുന്നത്. അങ്ങാടിപ്പുറത്ത് സ്റ്റേഷന് നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും സ്റ്റേഷന് വൈദ്യുതീകരണം പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയില്‍ നിന്ന് സപ്ലൈ ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ ലൈനില്‍ ചാര്‍ജിംഗ് സാധ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തയാഴ്ച തന്നെ പാത വൈദ്യുത കമ്മീഷന് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പാതയിലെ വൈദ്യുതീകരണം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലെ റെയില്‍വേയുടെ മുഴുവന്‍ വൈദ്യുതീകരണവും പൂര്‍ത്തിയാകും. മേലാറ്റൂരിലെ ട്രാക്ഷന്‍ സബ്സ്റ്റേഷന് സന്ദര്‍ശിച്ച് വിലയിരുത്തിയാണ് ഉന്നത സംഘം അങ്ങാടിപ്പുറത്തെത്തിയത്.
മേലാറ്റൂരിലെ ട്രാക്ഷന്‍ സബ്സ്റ്റേഷന് വഴിയാണ് അങ്ങാടിപ്പുറത്തേക്ക് വൈദ്യുതി കടത്തിവിടുന്നത്. 13.76 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അങ്ങാടിപ്പുറം സ്റ്റേഷനില്‍ നടക്കുന്നത്. പ്ലാറ്റ്ഫോം നവീകരണം, വിശ്രമമുറി, ലൈറ്റുകള്‍, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണ പ്രവൃത്തികള്‍ 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ടെലികോം പ്രവൃത്തികളും പൂര്‍ത്തിയായി.
എമര്‍ജന്‍സി മെഡിക്കല്‍ റൂം സ്ഥാപിക്കണം
അങ്ങാടിപ്പുറം : അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എമര്‍ജന്‍സി മെഡിക്കല്‍ റൂം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി. പെരിന്തല്‍മണ്ണയിലെ ആശുപത്രികളിലേക്ക് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന് വഴി നൂറുക്കണക്കിന് രോഗികളാണ് ദിനേന എത്തുന്നത്. അത്യാവശ്യഘട്ടങ്ങളില്‍ വൈദ്യസഹായത്തിനോ പ്രാഥമിക ശുശ്രൂഷക്കോ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ സൗകര്യമില്ല. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെഡിക്കല്‍ അസിസ്റ്റന്‍സ് പോയിന്റ് സ്ഥാപികക്കണമെന്ന ് എഡിആര്‍എം ജയകൃഷ്ണനോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ രേഖാമൂലം ആവശ്യപ്പെട്ടു. നടപടി ഉണ്ടാകുമെന്നും എഡിആര്‍എം അറിയിച്ചു.