കാരാട്ട് കുറീസ് നിക്ഷേപകനെ പോലീസ് മര്‍ദിച്ചത് അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്
1488321
Thursday, December 19, 2024 6:50 AM IST
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശാഖകളുള്ള കാരാട്ട് കുറീസ് എന്ന സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയെന്ന് ആരോപിച്ച് പരാതി നല്‍കാനെത്തിയ നിക്ഷേപകനെ നിലമ്പൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ മര്‍ദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ജനുവരി 17 ന് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
വേങ്ങര പോലീസ് സ്റ്റേഷന് പരിധിയിലെ കൂരിയാട് ആസ്ഥാനമായാണ് കാരാട്ട് കുറീസ് പ്രവര്‍ത്തിച്ചിരുന്നത്. ഇക്കഴിഞ്ഞ നവംബര്‍ 19 നാണ് സ്ഥാപനം പൂട്ടിയതെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരനായ കക്കാട് സ്വദേശി പൂങ്ങാടന്‍ നൗഷാദിന് കമ്പനിയില്‍ നിക്ഷേപമുണ്ടായിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രകനെ അന്വേഷിച്ച് എത്തിയപ്പോള്‍ ഇയാള്‍ക്ക് പോലീസ് സംരക്ഷണം ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു.
ഇതിനുശേഷം നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയപ്പോഴാണ് മര്‍ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. ലാത്തി ഉപയോഗിച്ച് മര്‍ദിക്കുകയും നിലത്തിട്ട് അടിക്കുകയും ചെയ്തു. മാതാവിനെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.