ആദിവാസി നഗറിലെ അങ്കണവാടി തകർന്ന കെട്ടിടത്തിൽ
1488319
Thursday, December 19, 2024 6:50 AM IST
നിലമ്പൂര്‍: വെണ്ണേക്കോട് കാട്ടുനായ്ക്ക നഗറിലെ അങ്കണവാടി പ്രവര്‍ത്തിക്കുന്നത് സ്വകാര്യവ്യക്തിയുടെ പൊട്ടിപൊളിഞ്ഞ കെട്ടിടത്തില്‍. ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് നഗറിലെ അങ്കണവാടിയാണ് കാലപഴക്കമേറിയ തകര്‍ച്ച നേരിടുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പ്രാക്തന ഗോത്രവര്‍ഗ വിഭാഗത്തിലെ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട നാലുകുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍, ഐടിഡിപി, ഐസിഡിഎസ് എന്നിവര്‍ കാണിക്കുന്ന അവഗണനയാണ് നിലവിലെ അവസ്ഥക്ക് കാരണം.
അങ്കണവാടിക്കുള്ളില്‍ നാലു ബള്‍ബുകള്‍ ഉണ്ടെങ്കിലും പ്രകാശിക്കുന്നത് ഒന്നു മാത്രം. ജനല്പാളികള് പാതിതുറന്ന് കിടക്കുന്നതിനാല്‍ പാമ്പുകള്‍ ഉള്‍പ്പെടെ ക്ലാസ് മുറിയില്‍ കയറുന്ന സംഭവങ്ങളുമുണ്ട്. കെട്ടിടത്തോട് ചേര്‍ന്നുള്ള ശുചിമുറിയുടെ അവസ്ഥയും ദയനീയമാണ്. വയറിംഗ് ശരിയല്ലാത്തതിനാലാണ് ബള്‍ബുകള്‍ പ്രവര്‍ത്തിക്കാത്തത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ റൂമിന് പ്രതിമാസം 2000 രൂപ വീതം കെട്ടിട ഉടമക്ക് വാടക നല്‍കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കെട്ടിട ഉടമ തയാറായിട്ടില്ല. മഴ പെയ്താല്‍ കുട ചൂടി നിന്നില്ലെങ്കില്‍ കുട്ടികള്‍ നനയുന്ന അവസ്ഥയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ അങ്കണവാടി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയോ നിലവിലുള്ള കെട്ടിടത്തില്‍ സുരക്ഷ ഉറപ്പാക്കുകയോ വേണം.
പഞ്ചായത്തിലെ എന്‍ജിനീയറിംഗ്് വിഭാഗം കെട്ടിട സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വലിയ വീഴ്ചയാണ് വരുത്തുന്നത്. ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കോടികള്‍ ചെലവഴിക്കുന്ന സംസ്ഥാനത്താണ് നാല് കുരുന്നുകള്‍ പഠിക്കുന്ന അങ്കണവാടി പൊട്ടിപൊളിഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.