ഫുട്ബോള്‍ താരങ്ങള്‍ക്ക് സ്വീകരണം നല്കി
1488545
Friday, December 20, 2024 6:06 AM IST
നിലമ്പൂര്‍: ജമ്മുകാഷ്മീരില്‍ വച്ച് നടന്ന 68-ാമത് നാഷണല്‍ സ്കൂള്‍ ഗെയിംസില്‍ 17 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തിനായി ബൂട്ടണിഞ്ഞ് മികച്ച പ്രകടനം നടത്തി തിരിച്ചെത്തിയ നിലമ്പൂര്‍ മാനവേദന് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളായ അലീന അഷറഫ്, മാളവിക കെ. വിജയന് എന്നിവര്‍ക്കാണ് സ്കൂളില്‍ വച്ച് സ്വീകരണം നല്‍കിയത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് വിദ്യാര്‍ഥിനികള്‍ക്ക് കേരളത്തെ പ്രതിനിധീകരിച്ച് കളിക്കാന്‍ അവസരം ലഭിക്കുന്നത്. അധ്യാപകന് ഷാഹിദ്, കമാലുദ്ദീന്, സലാം എന്നിവരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. നാഷണല്‍ സ്കൂള്‍ ഗെയിംസ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറില്‍ വെസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടാണ് കേരളം പുറത്തായത്.
രാമന്‍കുത്ത് ചക്കിങ്ങില് അഷ്റഫ്-സജന ദമ്പതികളുടെ മകളാണ് അലീന. പാട്ടക്കരിമ്പ് കരുവാരപ്പറ്റ വിജയന്-പ്രവിതാ ദമ്പതികളുടെ മകളാണ് മാളവിക. സ്കൂളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അനില്‍ പീറ്റര്‍, പ്രഥമാധ്യാപകന് അബ്ദുറഹ്മാന്, പി.ടി.എ. പ്രസിഡന്റ് ഷംസീറലി, എസ്എംസി ചെയര്മാന് മുഹമ്മദ് കോയ കടവത്ത് എന്നിവര്‍ നേതൃത്വം നല്കി. പിടിഎ, എസ്എംസി അംഗങ്ങളും അധ്യാപകരും വിദ്യാര്‍ഥികളും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.