തൃക്കലങ്ങോട് കോണ്‍ഗ്രസിനകത്ത് മുറുമുറുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ മാറ്റിയേക്കും
1488324
Thursday, December 19, 2024 6:50 AM IST
മഞ്ചേരി : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പ്രകടനം മോശമെന്ന ആരോപണവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം. പ്രസിഡന്റ് നയപരമായ പലകാര്യങ്ങളും നേതൃത്വവുമായി ആലോചിക്കുന്നതിന് പകരം അയല്‍വാസിയായ ലീഗ് നേതാവിന്റെ താത്പര്യത്തിനൊത്ത് പ്രവർത്തിക്കുകയാണെന്ന് ഒരു വിഭാഗം ആരോപിച്ചു.
തര്‍ക്കം രൂക്ഷമായതിനെ തടര്‍ന്ന് പഞ്ചായത്തില്‍ ഭരണസ്തംഭനത്തിന് സമാനമായ അവസ്ഥയാണ്. ഇക്കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് അനുരഞ്ജന ചര്‍ച്ച നടന്നെങ്കിലും പ്രസിഡന്റ് ഇന്നലെയും ഓഫീസില്‍ എത്തിയില്ല.യുഡിഎഫിലെ മുന്നണി ധാരണ പ്രകാരം കാലാവധി പൂര്‍ത്തിയാക്കിയതോടെ പ്രസിഡന്റ്
എന്‍.പി. ഷാഹിദ മുഹമ്മദ്, വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു എന്നിവര്‍
രാജിവയ്ക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാല്‍ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയായിരുന്ന യു.കെ. മഞ്ജുഷ ഇക്കഴിഞ്ഞ ജൂണ്‍ 13ന് പ്രസിഡന്റായി അധികാരമേറ്റു.
ജനകീയ പ്രശ്നങ്ങളുള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണാന്‍ കഴിയാതെ വന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു.
പ്രസിഡന്റ് യഥാസമയം ഓഫീസിലെത്തുകയോ ജോലി നിര്‍വഹിക്കുകയോ ചെയ്യുന്നില്ലെന്ന് പഞ്ചായത്തംഗങ്ങള്‍ തന്നെ പരാതിപ്പെടുന്നു.
പഞ്ചായത്തില്‍ നടക്കേണ്ട ടെന്ഡറുകളുള്പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി വിളച്ചു ചേര്‍ത്ത കോണ്ട്രാക്ടര്മാരുടെ യോഗത്തിലും കൃഷിഭവന്റെ യോഗത്തിലും പ്രസിഡന്റ് പങ്കെടുക്കാത്തത് വിവാദങ്ങള്ക്കിടയാ
യിരുന്നു. കേരളോല്‍സവം നടത്തിപ്പില്‍ പാളിച്ച ഉണ്ടായി. കുടിവെള്ള പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ടേക് എ ബ്രേക്ക് പദ്ധതി നിര്‍ത്തേണ്ടിവന്നതും പ്രസിഡന്റിന്റെ കഴിവുകേടാണെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിക്കുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ ചില കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടു പഞ്ചായത്ത് അംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍ അസുഖബാധയെ തുടര്‍ന്നാണ് പഞ്ചായത്തില്‍ എത്താതിരുന്നതെന്ന് പ്രസിഡന്റ് മഞ്ജുഷ പറഞ്ഞു. ഇന്നലെ മലപ്പുറത്ത് നടന്ന ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്തിരുന്നതായും അവര്‍ പറഞ്ഞു.