ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നത് അംഗീകരിക്കില്ലെന്ന്
1488322
Thursday, December 19, 2024 6:50 AM IST
മലപ്പുറം: അപകടത്തില്‍പ്പെടുന്ന ബസുകളുടെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നത് അംഗീകരിക്കല്ലെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞദിവസം തൃശൂര്‍ നാട്ടികയിലും ആലപ്പുഴയിലും പാലക്കാടും പത്തനംതിട്ടയിലും ഉണ്ടായ വാഹനാപകടങ്ങളില്‍ 20 പേരാണ് മരിച്ചത്. എന്നാല്‍ മേല്‍പ്പറഞ്ഞ അപകടത്തില്‍ ഒരു
സ്വകാര്യബസ് പോലും ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍, അപകടങ്ങളില്‍പ്പെടുന്ന സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുമെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും ഫെഡറേഷന് ആവശ്യപ്പെട്ടു.
റോഡപകടങ്ങള്‍ കുറക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം നല്‍കാനും ബസുകള്‍ക്ക് ഓടിയെത്താനുള്ള സമയക്രമം അനുവദിക്കാനും സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടത്. സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ സസ്പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം അപകടങ്ങള്‍ കുറക്കാന്‍ കഴിയില്ല. സര്‍വീസ് നടത്തികൊണ്ടിരിക്കുന്ന സ്വകാര്യബസുകളുടെ പെര്‍മിറ്റുകള്‍ സസ്പെന്‍ഡ് ചെയ്യുന്ന നടപടിയുണ്ടായാല്‍ കോടതിയെ സമീപിക്കുമെന്നും പിന്നീട് ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ച് സമരം നടത്താന്‍ ഫെഡറേഷന് നിര്‍ബന്ധിതമാകുമെന്നും ജനറല്‍ സെകട്ടറി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പക്കീസ കുഞ്ഞിപ്പ പങ്കെടുത്തു.