കുടുംബശ്രീ ‘കെടിക് ’ പദ്ധതിക്ക് തുടക്കമായി
1489263
Sunday, December 22, 2024 7:51 AM IST
നിലമ്പൂര്‍: ആദിവാസി യുവതയെ ഉപജീവന പദ്ധതിയിലൂടെ സ്വയം പര്യാപ്തമാക്കാനും തദ്ദേശീയ ഉപജീവന മാതൃകകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുമായി കുടുംബശ്രീ കെടിക് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള ആദിവാസി യുവതീ- യുവാക്കള്‍ക്കായുള്ള ഉപജീവന പദ്ധതിയാണ് കെടിക് (കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്നവേഷന്‍ സെന്റര്‍).
ഗുണഭോക്തൃ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ശില്പശാല നിലമ്പൂരില്‍ നടന്നു. കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ നഗരസഭാ സിഡിഎസ് അധ്യക്ഷ വി. വസന്ത അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ നിലമ്പൂര്‍ ട്രൈബല്‍ സ്പെഷല്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ കെ.കെ. മുഹമ്മദ് സാനു, സിഡിഎസ് അധ്യക്ഷന്മാരെ പ്രതിനിധീകരിച്ച് വഴിക്കടവ് സിഡിഎസ് എലിസബത്ത് മാത്യു, ഐബിസിബി ജില്ലാ പ്രോഗ്രാം മാനേജര്‍ വി.എസ്. റിജേഷ്, എന്‍യുഎല്‍എം സിറ്റി മിഷന് മാനേജര്‍ ശ്രീയേഷ്, ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ കെ. കെ. നിഷാദ് എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലക്ക് കെടിക് സംസ്ഥാന കോര്‍ ടീം മെന്റര്‍ ജയന് പൂക്കാട്, കെടിക് ഇന്കുബേറ്റര്മാരായ വി. സിസിനി, ടി. ആയിഷ, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ കെ. ജിജു എന്നിവര്‍ നേതൃത്വം നല്കി.