നാട്ടുകാരുടെ പ്രതിഷേധം : ജലശുദ്ധീകരണശാല പ്രവൃത്തി നിര്‍ത്തിവച്ചു
1488834
Saturday, December 21, 2024 5:18 AM IST
മഞ്ചേരി: തൃക്കലങ്ങോട്, പോരൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളിലെ 34000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി ജലജീവന്‍ മിഷന് മുഖേന ആമയൂരില്‍ സ്ഥാപിക്കുന്ന ജലശുദ്ധീകരണ ശാലയുടെ പ്രവൃത്തി നിര്‍ത്തി വച്ചു.
പരിസരവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കരാര്‍ ഏറ്റെടുത്ത കമ്പനി പ്രവൃത്തി നിര്‍ത്തിവച്ചത്. 283 കോടി രുപയുടേതാണ് പദ്ധതി.
ജലശുദ്ധീകരണ ശാലക്ക് കോണ്‍ക്രീറ്റ് മതില് നിര്‍മിക്കുന്നതിനു മണ്ണെടുക്കുന്ന ജോലി തുടങ്ങിയപ്പോഴാണ് എതിര്‍പ്പുയര്‍ന്നത്. കൂറ്റന്‍ ശുദ്ധീകരണ ശാല അപകടത്തിന് കാരണമാകുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക.
തടസം നീക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ എടുത്ത കമ്പനി തൃക്കലങ്ങോട് പഞ്ചായത്ത്, ജല അഥോറിറ്റി എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആമയൂര്‍ കുന്നുപുറത്താണ് പദ്ധതിക്ക് ആവശ്യമായ ശുദ്ധീകരണ ശാല നിര്‍മിക്കുന്നത്. ഒന്നര ഏക്കര്‍ സ്ഥലം പ്രയോജനപ്പെടുത്തി 3.10 കോടി ലിറ്റര്‍ (31 എംഎല്‍ഡി) വെള്ളം സംഭരിച്ച് ശുദ്ധീകരിക്കാനുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്.
തൃക്കലങ്ങോട് പഞ്ചായത്തില്‍ 112 കോടി രൂപയും പാണ്ടിക്കാട് പഞ്ചായത്തില്‍ 111 കോടി രൂപയും പോരൂര്‍ പഞ്ചായത്തില്‍ 59 കോടി രൂപയും വിനിയോഗിക്കാനുള്ള ഭരണാനുമതിയാണ് ലഭിച്ചത്. ആമയൂരിലെ പ്ലാന്റ് നിര്‍മാണം തടസപ്പെട്ടാല്‍ മൂന്ന് പഞ്ചായത്തുകളെയും ബാധിക്കും.
പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം നല്‍കേണ്ടത് ജല അഥോറിറ്റിയും പഞ്ചായത്തുമാണെന്ന് കരാര്‍ കമ്പനി പറഞ്ഞു. പ്രതിഷേധം ഉണ്ടായാല്‍ പ്രവൃത്തി നടത്താനാകില്ല.
എതിര്‍പ്പ് ഒഴിവാക്കിയാല്‍ പ്രവൃത്തി പുനരാംരഭിക്കും. തീരുമാനം വൈകിയാല്‍ കോടതിയെ സമീപിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച് മുന്നോട്ടു പോകണമെന്നും ഇതിനായി പരാതിക്കാരുടെ യോഗം വിളിക്കുമെന്നും തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ പറഞ്ഞു.