പെരിന്തല്‍മണ്ണ കാദറലി സെവന്‍സ് 20 മുതല്‍
1487819
Tuesday, December 17, 2024 6:04 AM IST
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കാദറലി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 20 മുതല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
24 ടീമുകള്‍ പങ്കെടുക്കും. 10000 പേര്‍ക്ക് മത്സരം കാണാനുള്ള ഗാലറിയാണ് സജ്ജമാക്കിയിട്ടുള്ളത്. ഒരു മാസക്കാലം ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും. 20ന് രാത്രി ഏഴിന് മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ ചെയര്മാന് പി. ഷാജി അധ്യക്ഷത വഹിക്കും. എഡിഎം മെഹറലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.കെ. മുസ്തഫ, സംസ്ഥാന ഭക്ഷ്യകമ്മീഷന് അംഗം വി. രമേശന്,
നാലകത്ത് സൂപ്പി, വി. ശശികുമാര്‍, കെ.എം. ലെനിന്, സൂപ്പര്‍ അഷ്റഫ് എന്നിവര്‍ പങ്കെടുക്കും. വിളംബര ഘോഷയാത്ര 20ന് വൈകുന്നേരം നാലിന് നടക്കും. സ്കൈ ബ്ലൂ എടപ്പാളും കെഡിഎസ് കിഴിശേരിയും തമ്മിലാണ് ഉദ്ഘാടനം മത്സരം. വെറ്ററന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റും അണ്ടര്‍ 20 മത്സരവും നടക്കും.
രാത്രി 7.30ന് മത്സരം ആരംഭിക്കും. ടൂര്‍ണമെന്റിലെ വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇഎംഎസ് വിദ്യാഭ്യാസ കോംപ്ലക്സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അശരണരായ രോഗികള്‍, നിരാലംബരായ കുടുംബങ്ങള്‍, കിടപ്പുരോഗികള്‍ക്ക് ഉപകരണങ്ങള്‍ എന്നിവക്കായി വിനിയോഗിച്ചു വരുന്നു. ക്ലബിന്റെ അമ്പതാംവാര്ഷികത്തോടനുബന്ധിച്ച് നടപ്പാക്കിയ 42 കിഡ്നി രോഗികള്‍ക്കുള്ള മാസാന്ത വേതനമായ ആയിരം രൂപ പെന്ഷന് വിജയകരമായി നടന്നുവരുന്നു. ക്ലബ് വാങ്ങിയ ആംബുലന്‍സും സര്‍വീസും നടന്നുവരുന്നു.
ഇതിനു പുറമെ പാമ്പുകടിയേറ്റവര്‍ക്കുള്ള ധനസഹായവും ക്ലബ് നല്കി വരുന്നുണ്ട്. ക്ലബ് പ്രസിഡന്റ് സി. മുഹമ്മദാലി, ജനറല്‍ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറര്‍ മണ്ണില്‍ ഹസന്, എച്ച്. മുഹമ്മദ് ഖാന്, മണ്ണേങ്ങല്‍ അസീസ്, യൂസഫ് രാമപുരം, എം.കെ. കുഞ്ഞയമ്മു, ഇ.കെ. സലീം, ഡോ. നിലാര്‍ മുഹമ്മദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.