ഡോക്ടര്‍മാർക്ക് അവാര്‍ഡ്
1488011
Wednesday, December 18, 2024 5:22 AM IST
പെരിന്തല്‍മണ്ണ: സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയായ പമ്പയുടെ (പ്രൈവറ്റ് ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നല്കി വരാറുള്ള അവാര്‍ഡുകളില്‍ 2024ലെ പങ്കജ് കസ്തൂരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഏര്‍പ്പെടുത്തിയ ’പമ്പ ധന്വന്തരി അവാര്‍ഡ്’ പെരിന്തല്‍മണ്ണ അമൃതം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ചീഫ് ഫിസിഷ്യന്‍ ഡോ. പി. കൃഷ്ണദാസിന് ലഭിച്ചു.
തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഗ്രന്ഥകര്‍ത്താവും ആയുര്‍വേദ ആചാര്യനുമായ ഡോ. വൈലോപ്പിള്ളി ശ്രീകുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. ചടങ്ങില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. സീതാലക്ഷ്മി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭിഷക് രത്ന അവാര്‍ഡ് ഡോ.ഷീബ കൃഷ്ണദാസിന് ലഭിച്ചു. 10000 രൂപയുടെ കാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ട്രസ്റ്റ് ചെയര്മാന് ഡോ. പി. കുഞ്ഞന്‍, ഡോ. ഷീബ കൃഷ്ണദാസിന് സമ്മാനിച്ചു. ആയുര്‍വേദ ചികിത്സാരംഗത്ത് ഇവര്‍ നല്കിയ വേറിട്ട സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
40 വര്‍ഷത്തിലേറെ ചികിത്സാരംഗത്തുള്ള പെരിന്തല്‍മണ്ണയിലെ അമൃതം ആയുര്‍വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ സ്ഥാപകരാണ് ഡോ.കൃഷ്ണദാസും ഡോ. ഷീബ കൃഷ്ണദാസും. ഓയിസ്ക ഇന്റര്‍നാഷണല്‍ മലപ്പുറം ജില്ലാ ചാപ്റ്റര്‍ സെക്രട്ടറി കൂടിയാണ് ഡോ. കൃഷ്ണദാസ്. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. പി. കൃഷ്ണദാസ്, ഡോ. ഷീബാ കൃഷ്ണദാസ്, കെ.ആര്. രവി, പ്രദീഷ് എന്നിവര്‍ പങ്കെടുത്തു.