പെരിന്തൽമണ്ണയിൽ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം
1488543
Friday, December 20, 2024 6:06 AM IST
പെരിന്തൽമണ്ണ: കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ നെഹ്റു ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ഇന്ന് മുതൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന 52-ാ മത് ഫുട്ബോൾ മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.10000 പേർക്ക് ഇരുന്ന് മത്സരം വീക്ഷിക്കുവാനുള്ള സ്റ്റീൽ ഗാലറി ഇതിനകം തയാറായി കഴിഞ്ഞു.
കേരളത്തിലെ 24 പ്രമുഖ ടീമുകളാണ് ഇക്കുറി കാദറലി ട്രോഫിക്ക് വേണ്ടി മാറ്റുരയ്ക്കുന്നത്. ഉദ്ഘാടനമത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ സ്കൈ ബ്ലൂ എടപ്പാൾ- കെ ഡിഎസ് കീഴ്ശേരിയുമായി ഏറ്റുമുട്ടും. സ്ത്രീകൾക്കും പത്തുവയസിന് താഴെയുള്ള കുട്ടികൾക്കും, ഭിന്നശേഷിക്കാർക്കും സൗജന്യമായി മത്സരം കാണുന്നതിനുള്ള സൗകര്യങ്ങൾ മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. മത്സരം രാത്രി 7.30ന് തന്നെ ആരംഭിക്കുന്നതായിരിക്കും.
ടൂർണമെന്റിന് മുന്നോടിയായി എല്ലാവർഷവും സംഘടിപ്പിക്കാറുള്ള വെറ്ററൻസ് ഫുട്ബോളും, അണ്ടർ 20 ഫുട്ബോൾ മത്സരവും നടക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിക്കും. കായിക, സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.