മങ്കട സദാചാര കൊലപാതകം: മൂന്നാം സാക്ഷിക്ക് ശാരീരിക അസ്വസ്ഥത, വിചാരണ ഇന്ന്
1488010
Wednesday, December 18, 2024 5:22 AM IST
മഞ്ചേരി: മങ്കടയില്‍ സദാചാര പോലീസിന്റെ മര്‍ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എം. തുഷാര്‍ മുമ്പാകെ വിസ്താരം പുരോഗമിക്കവേ മൂന്നാം സാക്ഷിക്ക് തലകറക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിസ്താരം ഇന്നത്തേക്ക് മാറ്റിവച്ചു.
വീട്ടുടമസ്ഥതയും ദൃക്സാക്ഷിയുമായ സാജിദയാണ് മൂന്നാം സാക്ഷി. ഇന്നലെ രാവിലെ വിസ്താരം ആരംഭിച്ചപ്പോള്‍ പ്രതികള്‍ കൊലക്കുപയോഗിച്ച വടി, കൊല്ലപ്പെട്ടയാളുടെ ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നിവ ഇവര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കൊലപാതക ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കോടതി ആദ്യംപത്ത് മിനിറ്റ് നേരത്തേക്ക് വിസ്താരം നിര്‍ത്തിവച്ചതിന് ശേഷം പുനരാരംഭിച്ചപ്പോഴും സാക്ഷിയുടെ നിലയില്‍ മാറ്റമില്ലാത്തതിനാല്‍ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
മങ്കട കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുള്‍ നാസര്‍ (40), സഹോദരന് ഷറഫുദീന്‍ (33), പട്ടിക്കുത്ത് സുഹൈല്‍ (34), പട്ടിക്കുത്ത് അബ്ദുള്‍ ഗഫൂര്‍(52), പട്ടിക്കുത്ത് സക്കീര്‍ ഹുസൈന് (43), ചെണ്ണേക്കുന്നന്‍ ഷഫീഖ്(34), മുക്കില്‍ പീടിക പറമ്പാട്ട് മന്‍സൂര്‍ (34), അമ്പലപ്പള്ളി അബ്ദുള്‍ നാസര്‍(35) എന്നിവരാണ് പ്രതികള്‍. 2016 ജൂണ്‍ 28ന് പുലര്‍ച്ചെ മൂന്നര മണിക്കാണ് കേസിനാസ്പദമായ സംഭവം.
പ്രവാസിയുടെ ഭാര്യ ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ അനാശാസ്യത്തിന് പോയി എന്നാരോപിച്ച് നാട്ടുകാരനായ നസീര്‍ ഹുസൈന് (40)നെ വടി, പട്ടികവടികള് എന്നിവ കൊണ്ട് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ജി. മാത്യു, പ്രതികള്‍ക്ക് വേണ്ടി അഡ്വ. പി.വി. ഹരി കോഴിക്കാട് എന്നിവര്‍ ഇന്നലെ കോടതിയില്‍ ഹാജരായി.