റോഡിലെ കുഴികള്‍: മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി
1488539
Friday, December 20, 2024 6:06 AM IST
നിലമ്പൂര്‍: കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ (കെഎന്‍ജി) സംസ്ഥാന പാതയില്‍ ചന്തക്കുന്ന് ബുഡോക്കാന്‍ കോര്ണറിന്റെ മുന്‍വശത്തായി രൂപപ്പെട്ട കുഴികളില്‍ വാഹനങ്ങള്‍ വീണ് അപകടം പതിവായിരിക്കുകയാണ്. കുഴികള്‍ നികത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് നിവേദനം നല്കി. പരാതി നല്കാന് എത്തുന്നവരോട് എ.ഇ. വളരെ മോശമായി പെരുമാറുന്നതായും ലീഗ് ഭാരവാഹികള്‍ അറിയിച്ചു.
റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുകയും പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനിയറുടെ ഗുണ്ടായിസം അവസാനിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി കൂമന്‍ഞ്ചേരി നാണിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഖജാന്‍ജി പി.ടി. റൂന്സ്കര്, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷുഹൈബ് കോഴിക്കോടന്‍, അഷ്റഫ് അണക്കായി, പി.പി. അയ്യൂബ്, ഒ.ടി. നൗഷാദ്, ശിഹാബ് ഇണ്ണി, വാജിദ് പള്ളിയാളി, റഷീദ് തിരുനെല്ലി, മൈസൂര്‍ ബാബു എന്നിവര്‍ സംസാരിച്ചു.