ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ പ്രതിഷേധം
1489258
Sunday, December 22, 2024 7:51 AM IST
നിലമ്പൂര്‍: ആദിവാസി യുവതിയുടെ പരാതിയില്‍ നിലമ്പൂര്‍ പോലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
സമരം ശക്തമായതിനെ തുടര്‍ന്ന് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. മമ്പാട് വീട്ടികുന്ന് സ്വദേശി പുന്നക്കല്‍ ജോസ്, പുള്ളിപ്പാടം സ്വദേശി പട്ടാമ്പി ഹനീഫ, ബിമ്പുങ്ങല് കട്ടലശേരി മുജീബ് എന്നിവര്‍ക്കെതിരേ വീട്ടിക്കുന്ന് നഗറിലെ രമാ ബിനു നല്കിയ പരാതിയിലാണ് ഇപ്പോൾ കേസെടുത്തത്.
കഴിഞ്ഞ 15 ന് നിലമ്പൂര്‍ പോലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടപടിയൊന്നും എടുത്തില്ല. പ്രതികൾ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും വീട്ടുമുറ്റത്തെത്തി അസഭ്യം പറയുകയും ഭര്‍ത്താവ് ബിനുവിനെ മരാകായുധം ഉപയോഗിച്ച് ടാപ്പിംഗ് സ്ഥലത്തെത്തി അക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. മലപ്പുറം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
പ്രതിഷേധ സമരത്തിന് മമ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിനി ഷാജി, സിഡിഎസ് പ്രസിഡന്റ് ഷിഫ്ന നജീബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ടി. അഹമ്മദ്, ജയമുരളി, എം.ആര്.സുബ്രഹ്മണ്യന്, വാഹിദ, സിപിഎം വണ്ടൂര്‍ ഏരിയാ സെക്രട്ടറി വി. മുഹമ്മദ് റസാഖ്, സിപിഎം ലോക്കല്‍ സെക്രട്ടറി അയപ്പന്, പരാതിക്കാരി രമാ ബിനു തുടങ്ങിയവര്‍ നേതൃത്വം നല്കി.