ആദിവാസി കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ഇടവിള കൃഷിയുമായി പിസികെ
1488008
Wednesday, December 18, 2024 5:22 AM IST
എടക്കര: വഴിക്കടവ് പുഞ്ചക്കൊല്ലി പ്ലാന്റേഷനില്‍ ആദിവാസി കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ഇടവിള കൃഷി ആരംഭിച്ചതായി കേരള പ്ലാന്റേഷന് കോര്പ്പറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത്, വഴിക്കടവ് കൃഷിഭവന്, കുടുംബശ്രീ ജില്ലാ മിഷന്, നിലമ്പൂര്‍
പട്ടികവര്‍ഗ പ്രത്യേക പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്.
2023-24 സീസണിലെ റബര്‍ റീപ്ലാന്റിംഗ് ഏരിയയില്‍ പല ഭാഗത്തായി ഇടവിള കൃഷി കഴിഞ്ഞ സെപ്തംബര്‍ മുതല്‍ നടത്തി വരുന്നുണ്ട്. പുഞ്ചക്കൊല്ലിയില്‍ 55.26 ഹെക്ടര്‍ സ്ഥലത്താണ് റബര്‍ റീപ്ലാന്റ് ചെയ്തത്. സൗരോര്‍ജ വേലിയാല്‍ സംരക്ഷണം ഒരുക്കിയാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. പുഞ്ചക്കൊല്ലി നഗറിലെയും അളക്കല്‍ നഗറിലെയും ആദിവാസികളായ തൊഴിലാളികള്‍ക്ക് പോഷകാഹാരവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
യാതൊരു പ്രതിഫലവും കൂടാതെ പ്ലാന്റേഷന് കോര്പ്പറേഷന് ഓഫ് കേരള (പിസികെ) ഡയറക്ടര്‍ ബോര്‍ഡ് അനുമതിയോടെയാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇടവിള കൃഷി നടത്തുന്ന സ്ഥലത്ത് തൊഴിലാളികള്‍ കാട് വെട്ടി സംരക്ഷണം ഒരുക്കുന്നത് വഴി റബര്‍ തൈകളുടെ വളര്‍ച്ചക്കും ഗുണകരമാകും. ഇടവിള കൃഷിയായി നിലവില്‍ വാഴ, പയര്‍, മത്തന്‍, വെള്ളരി, പീച്ചിങ്ങ, വെണ്ട, പാവല്‍, കക്കരി, കുമ്പളം, പടവലം എന്നിവയാണ് തൊഴിലാളികള്‍ കൃഷിചെയ്തു വരുന്നത്.
8000 ത്തോളം നേന്ത്രവാഴ കന്നുകള്‍ തൊഴിലാളികള്‍ നട്ടുവളര്‍ത്തുന്നു. വിളവെടുപ്പ് ഒരു ഘട്ടം പൂര്‍ത്തിയാക്കിയതാണ്. തൊഴിലാളികള്‍ അവരുടെ വീട്ടാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിച്ച് മിച്ചം വരുന്നത് വില്‍പ്പന നടത്തിവരുന്നു. ആദിവാസി നഗറിലെ 22 കുടുംബങ്ങള്‍ക്കാണ് ഇടവിള കൃഷിക്കുള്ള അവസരം നല്‍കിയിട്ടുള്ളത്. മൂന്ന് വര്‍ഷത്തേക്കാണ് തൊഴിലാളികള്‍ക്ക് തോട്ടം കൃഷിക്കായി അനുവദിച്ചത്. പുഞ്ചക്കൊല്ലി ഡിവിഷനില്‍
46 സ്ഥിരം തൊഴിലാളികളും 31 താല്‍ക്കാലിക തൊഴിലാളികളും ഉള്‍പ്പെടെ ആകെ 77 തൊഴിലാളികള്‍ ജോലി ചെയ്യുന്നു. ഇതില്‍ മൂന്ന് തൊഴിലാളികള്‍ ഒഴികെ എല്ലാവരും ആദിവാസി വിഭാഗത്തില്‍പ്പെട്ടതാണ്.
ഇടവിള കൃഷിയുടെ രണ്ടാം ഘട്ടം വരുന്ന കാലവര്‍ഷത്തോടെ കൂടുതല്‍ വ്യാപിപ്പിക്കുവാനും പോരായ്മകള്‍ തിരുത്തി മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടും കൂടി വിവിധ സർക്കാർ സബ്സിഡി സ്കീമുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുവാന്‍ ആലോചനയുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ പ്ലാന്റേഷന് കോര്പ്പറേഷന് ഓഫ് കേരള (പിസികെ) ചെയര്മാന് ഒ.പി.എ. സലാം, മാനേജിംഗ് ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ്, ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) എം. സന്തോഷ്, മലബാര്‍ ഗ്രൂപ്പ് മാനേജര്‍ യു. സജീവ്, നിലമ്പൂര്‍ എസ്റ്റേറ്റ് മാനേജര്‍ മോബിന് മോഹന്‍, പി. ഷൈജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.