പീഡനവും ഭീഷണിയും: യുവാവിന് 52 വര്‍ഷം കഠിന തടവ്
1488540
Friday, December 20, 2024 6:06 AM IST
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി 52 വര്‍ഷം കഠിന തടവിനും 3.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരൂര്‍ വെട്ടം ആശാന്‍പടി പനേനി അബ്ദുല്‍ ഫാരിസി(27)നെയാണ് ജഡ്ജ് എ.എം. അഷ്റഫ് ശിക്ഷിച്ചത്.
പതിനാറുകാരിയായ അതിജീവിതയെ പ്രതി സാമൂഹിക മാധ്യമങ്ങളിലൂടെയും ഫോണ്‍ വിളികളിലൂടെയും വശീകരിച്ച് 2021 മാര്‍ച്ച് ഏഴ്, ഏപ്രില്‍ 10 തിയതികളില്‍ പ്രതിയുടെ ബൈക്കിലും 2021 ഡിസംബര്‍ അഞ്ചിന് ഓട്ടോറിക്ഷയിലും കാലിക്കറ്റ് എയര്‍പ്പോര്‍ട്ടിനടുത്തുള്ള ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറയുമെന്നും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയ പ്രതി, കുട്ടിയോട് അമ്പതിനായിരം രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്.
നിരന്തര ഭീഷണിയില്‍ ഭയന്ന കുട്ടി മാനസികമായി തകരുകയും പഠനത്തില്‍ പിന്നോട്ടു പോകുകയും ചെയ്തു. ഒടുവില്‍ കുട്ടി മാതൃസഹോദരിയോട് ഫോണില്‍ വിവരം പറഞ്ഞതോടെയാണ് പീഡനകഥ പുറത്തായത്. മാതൃസഹോദരി ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് പിതാവ് കുട്ടിയുമായി കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കൊണ്ടോട്ടി പോലീസ് ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദാണ് പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.
പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ 19 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 31 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു..