കരുതലും കൈത്താങ്ങും അദാലത്തുകള്‍ 20 മുതല്‍
1488009
Wednesday, December 18, 2024 5:22 AM IST
മലപ്പുറം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള ’കരുതലും കൈത്താങ്ങും’ താലൂക്ക്തല അദാലത്തുകള്‍ക്ക് ജില്ലയില്‍ 20ന് തുടക്കമാകും.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാന് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്തുകള്‍. 20ന് കാട്ടുമുണ്ട തോട്ടത്തില്‍ കണ്വന്ഷന് സെന്ററിലെ നിലമ്പൂര്‍ താലൂക്ക് അദാലത്തോടെയാണ് തുടക്കം.
പെരിന്തല്‍മണ്ണയില്‍ 21ന് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിലും തിരൂരില്‍ 23ന് നഗരസഭാ ടൗണ്‍ഹാളിലും പൊന്നാനിയില്‍ 24ന് എംഇഎസ് കോളജ് ഓഡിറ്റോറിയത്തിലും തിരൂരങ്ങാടിയില്‍ 26ന് കൂരിയാട് ജെംസ് പബ്ലിക് സ്കൂളിലും കൊണ്ടോട്ടിയില്‍ 27ന് കരിപ്പൂര്‍ ഹജ്ജ് ഹൗസിലുമാണ് അദാലത്തുകള്‍ നടക്കുക.
19ന് മഞ്ചേരി നഗരസഭാ ടൗണ്‍ഹാളില്‍ നടക്കേണ്ടിയിരുന്ന ഏറനാട് താലൂക്ക് അദാലത്ത് മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ആകെ 2448 പരാതികളാണ് ഇതുവരെ ലഭിച്ചത്. തിരൂരിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ 471. ഏറനാട് (456), നിലമ്പൂര്‍ (414), കൊണ്ടോട്ടി (340), തിരൂരങ്ങാടി (332) പെരിന്തല്‍മണ്ണ (287), പൊന്നാനി (148) എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍ ലഭിച്ച പരാതികള്‍. അദാലത്തില്‍ നേരിട്ട് പരാതി നല്‍കാനും അവസരമുണ്ടാകും.