പട്ടാമ്പി റോഡ്: വീഴ്ച വരുത്തിയ കരാറുകാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം: എംഎല്‍എ
1488323
Thursday, December 19, 2024 6:50 AM IST
പെരിന്തല്‍മണ്ണ: മേലാറ്റൂര്പുലാമന്തോള് (പട്ടാമ്പി റോഡ്) റോഡ് പ്രവൃത്തി അനന്തമായി നീളുന്ന പശ്ചാത്തലത്തില്‍ നിലവിലെ കരാറുകാരെ മാറ്റി, വീണ്ടും എസ്റ്റിമേറ്റ് തയാറാക്കി പുതിയ കരാറുകാരെ പ്രവൃത്തി ഏല്‍പ്പിക്കാന്‍ നജീബ് കാന്തപുരം എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്കരമായ പുളിങ്കാവ്, ചില്ലീസ് ജംഗ്ഷന്, മേലാറ്റൂര്ഒലിപ്പുഴ എന്നീ ഭാഗങ്ങളില്‍ നിര്‍വഹണ വിഭാഗമായ കെഎസ്ടിപി നേരിട്ട് അറ്റകുറ്റപ്പണികള്‍ നടത്തും. ഒരു മാസത്തിനകം ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കും. വീണ്ടും എസ്റ്റിമേറ്റും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിച്ച് പുതിയ കരാറുകാരെ പ്രവൃത്തി ഏല്‍പ്പിക്കാനാണ് യോഗ തീരുമാനം.
2025 മാര്‍ച്ച് 31നകം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. 2025 ഡിസംബര്‍ 30നകം റോഡ് നവീകരണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. പുതുതായി എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ മുന്നോടിയായി കെഎസ്ടിപി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ ആരംഭിച്ചു. നിരവധി
അവസരങ്ങളും സാവകാശവും നല്‍കിയിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ കരാര്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് നജീബ് കാന്തപുരം എംഎല്‍എ ആവശ്യപ്പെട്ടു.
ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെഎംസി കണ്‍സ്ട്രക്ഷന്‍ കമ്പനിയായിരുന്നു പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിരുന്നത്. ഇവര്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെജികെ കോണ്ട്രാക്റ്റിംഗ് കമ്പനിക്കു ഉപകരാര്‍ നല്‍കുകയായിരുന്നു. 2021 ജനുവരിയിലായിരുന്നു റോഡിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ചിരുന്നത്. 144 കോടി രൂപയായിരുന്നു കരാര്‍ തുക. ഇക്കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നവംബര്‍ 20നകം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് കരാറുകാര്‍ ഉറപ്പു നല്‍കിയിരുന്നു.
ഇതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കമ്പനിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ യോഗത്തില്‍ എംഎല്‍എക്ക് പുറമെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അജിത് ലാല്‍, കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ അന്‍സാര്‍, പ്രൊജക്ട് ഡയറക്ടര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.