പുതുപ്പരിയാരം അപകടം: പൊലിഞ്ഞത് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകൾ
1489259
Sunday, December 22, 2024 7:51 AM IST
പെരിന്തല്‍മണ്ണ: ഇന്നലെ പുലര്‍ച്ചെ മക്കരപ്പറമ്പുകാര് ഉണര്‍ന്നത് ദുഃഖവാര്‍ത്തകള്‍ കേട്ടായിരുന്നു. കാച്ചിനിക്കാട്ടെയും വടക്കാങ്ങരയിലെയും രണ്ട് യുവാക്കളാണ് പാലക്കാട് പുതുപ്പരിയാരത്തെ വാഹനാപകടത്തില്‍ മരിച്ചത്.
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ വടക്കാങ്ങര പോത്തുകുണ്ട് കൊത്തപുലാക്കല് പരേതനായ ഹരിദാസന്റെ മകന് ഹരീഷ് (28), കാച്ചിനിക്കാട് വട്ടപ്പറമ്പിലെ കോഴിശേരി നെയ്യാറ്റൂര് ഹുസൈന്റെ മകന് മുഹമ്മദ് റിന്‍ഷാദ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും അടുത്ത സുഹൃത്തുക്കളും പെയിന്റിംഗ് തൊഴിലാളികളുമായിരുന്നു. ഇന്നലെ പുലര്‍ച്ചെ 5.15ന് പാലക്കാട് കൊല്ലങ്കോട് യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ജംഗ്ഷനു സമീപം ലാല്‍ നഗര്‍ ഭാഗത്താണ് അപകടമുണ്ടായത്. മക്കരപ്പറമ്പില്‍ നിന്ന് പാലക്കാട്ടേക്ക് വിനോദ സഞ്ചാരത്തിന് എത്തിയപ്പോഴാണ് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. പാലക്കാട് നിന്ന് മണ്ണാര്‍ക്കാട്ടേക്ക് പോകുന്ന ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് അഗ്നിക്കിരയായി.
റിന്‍ഷാദിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ കാച്ചിനിക്കാട് മഹല്ല് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. ഹരീഷിന്റേത് വീട്ടുവളപ്പിലും സംസ്കരിച്ചു. സീതയാണ് ഹരീഷിന്റെ മാതാവ്. സഹോദരിമാര്‍: ഹിമ, ഹിത, ഹര്‍ഷ. സുഹറയാണ് റിന്‍ഷാദിന്റെ മാതാവ്. സഹോദരിമാര്‍: നിഷാത്ത്, നിഷാന, റിന്‍ഷ.