ഡെങ്കിപ്പനി: മുള്ളമ്പാറയിൽ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
1488538
Friday, December 20, 2024 6:06 AM IST
മലപ്പുറം: ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത മഞ്ചേരി നഗരസഭയിലെ മുള്ളമ്പാറ പ്രദേശത്ത് ജില്ല ആരോഗ്യ വകുപ്പ്, ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ മഞ്ചേരി നഗരസഭ, മെഡിക്കല്‍ കോളജ് തുടങ്ങിയവയുടെ സഹകരണത്തോടെ സമഗ്ര പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുക് സാന്ദ്രത പഠനം, ഫോഗിംഗ് എന്നിവ നടത്തി. ഫീല്‍ഡ് വര്‍ക്കര്‍മാരും ആശ പ്രവര്‍ത്തകരും അടങ്ങുന്ന 14 ടീമുകളാണ് ഭവന സന്ദര്‍ശന ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുള്ളമ്പാറ നവോദയ വായനശാലയില്‍ ചേര്‍ന്ന യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം സുബൈദ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വി.സി മോഹനന് അധ്യക്ഷത വഹിച്ചു. ബയോളജിസ്റ്റ് വി.വി. ദിനേശ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിന്‍സന്റ് സിറിള്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശാന്തിഭൂഷന്, നസറുദ്ദീന്‍, കിരണ്‍ എന്നിവര്‍ സംസാരിച്ചു. രാഗിണി, പ്രസാദ്, സ്മിത എന്നിവര്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
മഴ ഇടക്കിടെ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ഓരോ വീട്ടുകാരും കെട്ടിട ഉടമകളും സ്ഥാപനങ്ങളും കൊതുകിൻറെ ഉറവിട നശീകരണ പ്രവര്‍ത്തനത്തിലും ഡ്രൈഡേ ആചരണ പ്രവര്‍ത്തനങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു.