‘പ്രകാശം പരത്തി’ പരിയാപുരം സെന്റ് മേരീസിലെ കുട്ടികൾ
1488542
Friday, December 20, 2024 6:06 AM IST
അങ്ങാടിപ്പുറം: എൽഇഡി ബൾബുകൾ നന്നാക്കിയും പുതിയവ നിർമിച്ചും പ്രകാശം പരത്തുകയാണ് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ നാഷനൽ സർവീസ് സ്കീം, നല്ലപാഠം, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ മാതൃകാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.
നൂറോളം വിദ്യാർഥികൾ എൽഇഡി നിർമാണത്തിൽ പരിശീലനം നേടിക്കഴിഞ്ഞു. ക്രിസ്മസ് അവധിക്കാലത്ത് പ്രദേശവാസികൾക്ക് എൽഇഡി ബൾബുകൾ നിർമിച്ചു നൽകാനും ഊർജക്ഷമത ഇല്ലാത്ത ബൾബുകൾ നന്നാക്കി നൽകാനുമാണ് കുട്ടികളുടെ പദ്ധതി. ഊർജസംരക്ഷണ ബോധവൽക്കരണവും ഇതുവഴി കുട്ടികളിൾ ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ പി.ടി.സുമ നിർവഹിച്ചു. കെഎസ്ഇബി സബ് സ്റ്റേഷൻ ഓപറേറ്റർ പി.സാബിർ പരിശീലകനായി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സേവ്യർ എം.ജോസഫ്, നല്ലപാഠം കോ ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, സ്കൗട്ട് മാസ്റ്റർമാരായ പി.കെ.നിർമൽ കുമാർ, ജി.സിന്ധു, ഭാരവാഹികളായ പി.അനന്യ കൃഷ്ണ, പി.എൻ.വിശാൽ, ഡെൽവിൻ കെ.സിറിൾ, ജിൽജൊ കെ.സുനിൽ എന്നിവർ നേതൃത്വം നൽകി.