കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കുടുങ്ങി മധ്യവയസ്കന്റെ കൈ നഷ്ടപ്പെട്ടു
1489261
Sunday, December 22, 2024 7:51 AM IST
മഞ്ചേരി: കരിമ്പ് ജ്യൂസ് യന്ത്രത്തില്‍ കൈ കുടുങ്ങി മധ്യവയസ്കന് ഗുരുതര പരിക്ക്. എളങ്കൂര്‍ ചെറുകുളം കൊയിലാണ്ടി അബ്ദുള്‍ ഗഫൂറി (52)നാണ് പരിക്കേറ്റത്. ജ്യൂസുണ്ടാക്കിക്കൊണ്ടിരിക്കെ കൈ അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഉടന്‍ യന്ത്രം ഓഫ് ചെയ്തെങ്കിലും കൈ പുറത്തെടുക്കാനായില്ല.
തുടര്‍ന്ന് നാട്ടുകാര്‍ മഞ്ചേരി അഗ്നിരക്ഷാ സേനക്ക് വിവരം നല്കി. സ്റ്റേഷന് ഓഫീസര്‍ പി.വി. സുനില്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കൈ പുറത്തെടുത്ത് അബ്ദുള്‍ഗഫൂറിനെ ഉടന്‍ മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.
ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നല്കി പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് അബ്ദുള്‍ ഗഫൂറിന്റ് ഇടതു കൈ മുറിച്ചുമാറ്റുകയായിരുന്നു.സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍ കെ. പ്രതീഷ്, എഫ്ആര്‍ഒമാരായ സൈനുല്‍ ആബിദ്, എം.വി അജിത്ത്, ഹോം ഗാര്‍ഡുമാരായ പി. സുരേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.