അക്ഷര മുറ്റത്തേക്കെത്തിയ അസമിലെ കൂട്ടുകാര്‍ക്ക് സഹപാഠികളും അധ്യാപകരും വരവേല്‍പ്പ് നൽകി
1451041
Friday, September 6, 2024 4:59 AM IST
എടക്കര: അക്ഷര മുറ്റത്തേക്കെത്തിയ അസമിലെ കൂട്ടുകാര്‍ക്ക് സഹപാഠികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സ്നേഹോഷ്മള വരവേല്‍പ്പ്. കരുനെച്ചി ന്യൂലീഫ് കാമ്പസിലാണ് അതിഥി തൊഴിലാളികളുടെ മക്കള്‍ക്ക് പഠനാവസരമൊരുക്കി സ്വീകരണം നല്‍കിയത്. ജീവിതമാര്‍ഗം തേടി കേരളത്തിലത്തെിയ രക്ഷിതാക്കള്‍ക്കൊപ്പമുള്ള 22 ആസാമീസ് കുട്ടികളാണ് കരുനെച്ചി ന്യൂലീഫ് സ്കൂളില്‍ പ്രവേശനം നേടിയത്.
പള്ളിപ്പടിയിലെ അടക്ക വ്യാപാരിയായ അബ്ദുറഹ്മാന്റെ കീഴില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ മക്കളാണിവര്‍. അസമീസ് ഭാഷ കൈകാര്യം ചെയ്യാന്‍ സ്പെഷല്‍ അധ്യാപകനെ സ്കൂളില്‍ നിയമിക്കുകയും ചെയ്തു.
എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, വാര്‍ഡ് അംഗം കബീര്‍ പനോളി, ന്യൂലീഫ് മാനേജിങ് ഡയറക്ടര്‍ ശിഹാബ് എടക്കര, പ്രിന്‍സിപ്പല്‍ ഷംസീല, തൊഴിലുടമ അബ്ദുറഹ്മാന്, അധ്യാപകരായ റജീന, റഫീഖ്, ജസീം, ജിംഷാദ്, ഹബീബ് റഹ്മാന്, ബജീന, ഗീതു, സാജിദ് ഹികമി എന്നിവര്‍ ചേര്‍ന്ന് മധുരം നല്‍കിയും ഐഡി കര്‍ഡുകള്‍ കഴുത്തില്‍ ചാര്‍ത്തിയും യൂനിഫോം നല്‍കിയും കുട്ടികളെ സ്വീകരിച്ചു.
മലപ്പുറം ചൈല്‍ഡ് ഹെല്പ് ലൈന്‍ സൂപ്പര്‍ വൈസര്‍ മുഹ്സിന് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.