തൂതപ്പുഴയ്ക്ക് കുറുകെ കാളിക്കടവില്‍ പുതിയ പാലം വരുന്നു
1450762
Thursday, September 5, 2024 4:56 AM IST
പെരിന്തല്‍മണ്ണ: തൂതപ്പുഴയ്ക്ക് കുറുകെ കാളിക്കടവില്‍ പുതിയ പാലം പണിയുന്നതിനുള്ള പദ്ധതിരേഖ തയാറാക്കുന്നതിന്നായി ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മഞ്ചേരി പിഡബ്ല്യുഡി വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനോദ്കുമാര്‍ ചാലില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ക്കായി 5.14 കോടി രൂപ അനുവദിച്ചു.
അതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന പ്രോജക്ട് റിപ്പോര്‍ട്ട് 2018ലെ പ്രളയത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കി നിശ്ചയിക്കേണ്ടതുകൊണ്ടാണ് ഫണ്ട് വകയിരുത്തി പുതിയ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നത്. അപ്രോച്ച് റോഡിനു വേണ്ട സ്ഥലം, പുഴ എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തി.
ഓണത്തിനുശേഷം നടപടികള്‍ ആരംഭിക്കും. രണ്ടുമാസം കൊണ്ട് റിപ്പോര്‍ട്ട് തയാറാക്കി പൊതുമരാമത്തിന് കൈമാറാനാണ് ഉദേശിക്കുന്നത്. തുടര്‍ന്ന് ഡിസൈന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. പ്രവൃത്തികള്‍ക്ക് വലിയ പിന്തുണയാണ് നാട്ടുകാരില്‍നിന്നു ലഭിച്ചതെന്ന് പാലം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുവാന്‍ വേണ്ടി ഏഴ് പാര്‍ട്ടികള്‍ക്ക് അഡ്വാന്‍സ് കൊടുത്തിട്ടുണ്ട്.
മാത്രവുമല്ല ആലിപ്പറമ്പ് പഞ്ചായത്ത്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് എന്നിവ അഞ്ച് ലക്ഷം രൂപ വീതം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പ്രത്യേക അനുമതിക്കായി ജില്ലാ പഞ്ചായത്ത് വികസന സമിതി മുഖേന സര്‍ക്കാരിലേക്ക് ഇതുമായി ബന്ധപ്പെട്ടുള്ള ഫയല്‍ നീക്കികഴിഞ്ഞു. മൂന്നുമാസത്തിനകം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ഭരണാനുമതി ലഭിക്കാനുള്ള ശ്രമം ആരംഭിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.