പോലീസ് അനാവശ്യമായി പിഴ ചുമത്തുന്നു: ബസുടമകള്‍ എസ്പിക്ക് പരാതി നല്കി
1450360
Wednesday, September 4, 2024 5:29 AM IST
മഞ്ചേരി: പോലീസ് അനാവശ്യമായി പിഴ ചുമത്തുന്നതു മൂലം സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടി ബസുടമകള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
സമയക്രമം പാലിക്കാനായി സര്‍വീസ് നടത്തുന്നതിനിടെ ചിലപ്പോള്‍ ബസുകള്‍ക്ക് ഇതരവാഹനങ്ങളെ മറികടക്കേണ്ടതായി വരും. ഇത് ഫോട്ടോയെടുത്ത് ഏഴായിരം രൂപവരെയാണ് പിഴ ചുമത്തുന്നത്.
നിയമവിരുദ്ധമായ രീതിയില്‍ സര്‍വീസ് നടത്തുന്നതിനെ മലപ്പുറം ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ഒരിക്കലും ന്യായികരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് സെക്രട്ടറി ഹംസ ഏരിക്കുന്നന്‍ പറഞ്ഞു.
ജില്ലാ ഭാരവാഹികളായ സെന്‍ട്രല്‍ കമ്മിറ്റി അംഗം പക്കീസ കുഞ്ഞിപ്പ, വൈസ് പ്രസിഡന്റ് പാസ് മാനു, ജോയിന്റ് സെക്രട്ടറി റഫീഖ് കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
പരാതിയില്‍ അന്വേഷണം നടത്താമെന്നും പോലീസ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ നിര്‍ദേശം നല്‍കാമെന്നും ജില്ലാ പോലീസ് മേധാവി ഉറപ്പുനല്‍കിയതായി ബസുടമകള്‍ പറഞ്ഞു.