സഹപാഠിക്ക് സുരക്ഷിത ഭവനമൊരുക്കാന്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ രംഗത്ത്
1590303
Tuesday, September 9, 2025 6:37 AM IST
നെയ്യാറ്റിന്‍കര: സഹപാഠിക്ക് സുരക്ഷിതമായ കിടപ്പാടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഭവന നിര്‍മാണ ധനസമാഹരണ യജ്ഞവുമായി നാഷണല്‍ സര്‍വീസ് സ്കീം (എന്‍എസ്എസ്) യൂണിറ്റ് വോളണ്ടിയര്‍മാര്‍.
നെയ്യാറ്റിന്‍കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. സ്വന്തമായി വസ്തുവോ കിടപ്പാടമോ ഇല്ലാത്ത ഒരു സഹപാഠിക്കുവേണ്ടി രൂപംനല്കിയ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ധനസമാഹരണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ലോഷന്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
ആറാലുംമൂട് ഗ്രൗണ്ടില്‍ നടക്കുന്ന നെയ്യാര്‍ മേളയില്‍ സംഘാടക സമിതി ഈ ഉത്പന്നങ്ങളുടെ വിപണനത്തിനായി സ്റ്റാള്‍ അനുവദിച്ച് നല്കി. പ്രോഗ്രാം ഓഫീസര്‍ ശുഭശ്രീയുടെ നേതൃത്വത്തില്‍ യൂണിറ്റ് വോളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ട്. ഈ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിലൂടെ ലഭ്യമാകുന്ന തുക ഭവന നിര്‍മാണത്തിനായി ഉപയോഗിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.