ആവേശം അലതല്ലി വെള്ളായണി ജലോത്സവം : മഹാത്മ അയ്യന്‍കാളി ട്രോഫി കാക്കമൂല ബ്രദേഴ്സ് ചുണ്ടന്
1589733
Sunday, September 7, 2025 6:27 AM IST
നേമം : ആവേശം അലതല്ലി വെള്ളായണി കായലില്‍ അവിട്ടം നാളില്‍ നടന്ന നാല്‍പ്പത്തിയെട്ടാമത് മഹാത്മ അയ്യന്‍കാളി ജലോത്സവത്തില്‍ ഒന്നാംതരം വള്ളങ്ങളുടെ വിഭാഗത്തില്‍ ടി.ബിജു ക്യാപ്റ്റനായ കാക്കമൂല ബ്രദേഴ്സ് ചുണ്ടൻ മഹാത്മ അയ്യന്‍കാളി ട്രോഫി നേടി. ഒന്നാം തരം വള്ളങ്ങളില്‍ ഗോപി ക്യാപ്റ്റനായ കാക്കമൂല നടുഭാഗം ചുണ്ടന് രണ്ടാം സ്ഥാനവും ശ്യാം ക്യാപ്റ്റനായ ബിബിസി പുന്നവിള മൂന്നാം സ്ഥാനവും നേടി.
രണ്ടാം തരം വള്ളങ്ങളില്‍ അജി ക്യാപ്റ്റനായ കാക്കമൂല ബ്ലു ബേര്‍ഡ്സ് ഒന്നാം സ്ഥാനത്തെത്തി. ശംഭു ക്യാപ്റ്റനായ കാക്കമൂല ബ്രദേഴ്സ് ചുണ്ടന് രണ്ടാം സ്ഥാനവും ജിത്തു ക്യാപ്റ്റനായ വടക്കേക്കര ചുണ്ടന് മൂന്നാം സ്ഥാനവും നേടി. മൂന്നാം തരം വള്ളങ്ങളില്‍ ഷൈജു ക്യാപ്റ്റനായ കാക്കമൂല പടക്കുതിര ഒന്നാമെത്തി. അഭിജിത്ത് ക്യാപ്റ്റനായ കാരിച്ചാല്‍ ചുണ്ടന് രണ്ടാം സ്ഥാനവും ഇഗ്നഷ്യസ് ക്യാപ്റ്റനായ കാക്കമൂല ചുണ്ടന് മൂന്നാം സ്ഥാനവും നേടി.
വനിതകള്‍ തുഴഞ്ഞ മത്സരത്തില്‍ എൻ. രാധിക ക്യാപറ്റനായ ഊക്കോട് ചുണ്ടന് ഒന്നാം സ്ഥാനവും ബീന ക്യാപ്റ്റനായ കാഞ്ഞിരംപാറ ചുണ്ടന് രണ്ടാം സ്ഥാനവും നേടി. ബിന്ദു ക്യാപ്റ്റനായ വിന്നേഴ്സ് ചുണ്ടന് മൂന്നാം സ്ഥാനവും നേടി. മികച്ച അമരക്കാരനായി ഒന്നാംതരം വള്ളങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാക്കമൂല ബ്രദേഴ്സ് ചുണ്ടനിലെ ബിനുസുധനെ തിരഞ്ഞെടുത്തു.
ശ്രീ അയ്യന്‍കാളി ജലോത്സവ ട്രസ്റ്റിന്റെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന വള്ളം കളി മത്സരത്തിന്റെ പൊതുസമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്ത് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. എം.വിന്‍സെന്റ് എംഎല്‍എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്കുമാര്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരന്‍, നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ. പ്രീജ, അംഗങ്ങളായ വി.ലതാകുമാരി, ആര്.ജയലക്ഷ്മി, എസ്. സുരേഷ്, അഡ്വ.പുഞ്ചക്കരി രവീന്ദ്രന്, എം. വിനുകുമാര്‍, ആര്. മോശ, വി.സുധര്‍മ്മ, രാജലക്ഷ്മി, സുജിത്ത്, പൂങ്കുളം ബിജു, സി.എസ്. രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.