മഹാരാഷ്ട്രയിൽ ഖനനമാഫിയക്കെതിരെ പോരാടുന്ന മലയാളി ഐപിഎസുകാരി
1589741
Sunday, September 7, 2025 6:43 AM IST
മലയിൻകീഴ് : മഹാരാഷ്ട്രയിൽ ഖനന മാഫിയയെ വിറപ്പിച്ച് വാർത്തകളിൽ ഇടംനേടിയ ഐപിഎസുകാരി മലയിൻകീഴ് സ്വദേശിനി. സോളാപുരിലെ അനധികൃതഖനനം തടയാനെത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയായ വി.എസ്. അഞ്ജന കൃഷ്ണയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. അജിത് പവാർ ഐപിഎസ് ഉദ്യോഗസ്ഥയുമായി ഫോണിൽ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതോടെ അജിത് പവാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികളും രംഗത്തെത്തിയിരുന്നു.
ഒരു എൻസിപി പ്രവർത്തകന്റെ ഫോണിൽ സംസാരിച്ച അജിത് പവാർ ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു. അജിത് പവാറിന്റെ ശബ്ദം തിരിച്ചറിയാൻ കഴിയാത്തതിനെത്തുടർന്ന് അഞ്ജന തന്റെ നമ്പരിലേക്ക് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നായിരുന്നു അജിത് പവാറിന്റെ മറുപടി. ഫോണിൽ സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് അഞ്ജന കൃഷ്ണ എന്ന മലയാളി ഐപിഎസുകാരി വാർത്തകളിൽ ഇടംനേടിയത്.
മലയിൻകീഴ് സ്വദേശിയായ അഞ്ജന കൃഷ്ണ മഹാരാഷ്ട്രയിലെ കർമല ഡിഎസ്പിയായാണ് പ്രവർത്തിക്കുന്നത്. 2022-ലാണ് അഞ്ജന കൃഷ്ണ സിവിൽ സർവീസ് നേടിയത്. 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 355-ാം റാങ്കുകാരിയായിരുന്നു അഞ്ജന. നാലാംശ്രമത്തിലായിരുന്നു അഞ്ജന സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്. പൂജപ്പുര സെന്റ് മേരീസ് സെൻട്രൽ സ്കൂളിലും തിരുവനന്തപുരം എൻഎസ്എസ് വനിതാ കോളജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. ഇതിനുശേഷമാണ് അഞ്ജന സിവിൽ സർവീസിലെത്തുന്നത്.
മലയിൻകീഴ് ആൽത്തറ ജങ്ഷൻ 'ദേവൂസാണ്' അഞ്ജനയുടെ വീട്. ബിസിനസുകാരനായ വിജുവിന്റെയും വഞ്ചിയൂർ കോടതിയിൽ ടൈപ്പിസ്റ്റ് ക്ലാർക്കായ സീനയുടെയും മകൾ. സിവിൽ സർവ്വീസ് പരീക്ഷയിൽ മലയാളമായിരുന്നു വിഷയം. മലയിൻകീഴിന് അടുത്താണ് മൂക്കുന്നിമല. ഖനന മാഫിയയുടെ ഇരയായിരുന്നു ഒരു കാലത്ത് മൂക്കുന്നിമല. നിരവധി പാരിസ്ഥിതിക പ്രതിഷേധങ്ങൾ ഉയർന്ന നാടാണ് മൂക്കുന്നിമല. അതിന്റെ തൊട്ടടുത്തു നിന്നുള്ള ഐപിഎസുകാരിയ്ക്ക് ഖനനത്തിന്റെ ദോഷവശം നന്നായി അറിയാം.