മനം കവർന്ന് നെയ്യാര്‍ മേള
1589737
Sunday, September 7, 2025 6:43 AM IST
നെയ്യാറ്റിന്‍കര : ആറാലുംമൂട് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന നെയ്യാര്‍ മേളയില്‍ തിരുവോണ നാളില്‍ പതിനായിരത്തോളം സന്ദര്‍ശകര്‍ എത്തിയതായി സംഘാടകര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മേളയിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനവുള്ളതായി സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ്, കണ്‍വീനര്‍ പി. ബാലചന്ദ്രന്‍നായര്‍ എന്നിവര്‍ ദീപികയോട് പറഞ്ഞു.
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏര്യാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള നെയ്യാര്‍ മേളയുടെ തുടക്കം മുതലേ സന്ദര്‍ശകതിരക്ക് അനുഭവപ്പെട്ടിരുന്നു. ഓണം നാളുകളില്‍ സന്ദര്‍ശകരുടെ സംഖ്യ വര്‍ധിച്ചതിനു കാരണം മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വൈവിധ്യങ്ങളായ വിഭവങ്ങളാണെന്നും സംഘാടകസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
രാത്രി പത്തിനു ശേഷവും സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും അമ്യൂസ്മെന്റ് പാര്‍ക്ക് അടക്കമുള്ളവയിലെ റൈഡുകള്‍ ആസ്വദിക്കാനും കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ക്യൂനിന്നു. തിരക്ക് നിയന്ത്രിക്കാന്‍ വോളണ്ടിയര്‍മാരുടെ സേവനം ക്രമീകരിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കര പോലീസിന്റെയും സജീവസാന്നിധ്യം മേള സമാധാനപരമായി പുരോഗമിക്കുന്നതില്‍ സഹായകമാണ്. പുരാവസ്തു പ്രദര്‍ശനവും ത്രിഡി ഷോയുമെല്ലാം വിവിധ തലമുറകളിലെ സന്ദര്‍ശകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. വ്യത്യസ്തമായ ആഹാരങ്ങള്‍ക്കൊപ്പം വയനാടിന്റെ ഭക്ഷണരുചിയും അറിയാനുള്ള അവസരം ഫുഡ് കോര്‍ട്ടില്‍ ലഭ്യമാണ്. പ്രധാന വേദിയില്‍ ഓണം വാരാഘോഷത്തിന്റെ ഭാഗമായ കലാപരിപാടികള്‍ നിറഞ്ഞ സദസ്സിലാണ് അരങ്ങേറുന്നത്.
സര്ഗമാനസം എന്ന അനുബന്ധ വേദിയില്‍ ഏതു പ്രായത്തിലുള്ള കലാകാരന്മാര്ക്കും അവതരണങ്ങള്‍ക്ക് അവസരം നല്കുന്നു. പുരോഗമന കലാ സാഹിത്യ സംഘം നെയ്യാറ്റിന്‍കര മേഖല കമ്മിറ്റിയുടെ സഹകരണത്തോടെ ദിവസവും വൈകുന്നേരം ക്ലാസ്സിക്കുകള്‍, ദേശീയ- സംസ്ഥാന പുരസ്കാരം ലഭിച്ച ചലച്ചിത്രങ്ങള്‍ മുതലായവ പ്രദര്‍ശിപ്പിക്കുന്നുണ്ട്.