നിറംപകർന്നു നെയ്യാർഡാമിലെ സാംസ്കാരിക ഘോഷയാത്ര
1590302
Tuesday, September 9, 2025 6:37 AM IST
നെയ്യാർഡാം : നിറം പകർന്ന് നെയ്യാർഡാമിലെ സാംസ്കാരിക ഘോഷയാത്ര. നിശ്ചലദൃശ്യങ്ങളും, കളരിപ്പയറ്റും, നൃത്തവുമായി നെയ്യാർഡാമിലെ ഓണം സാംസ്കാരിക ഘോഷയാത്ര കാണികൾക്ക് കാഴ്ചയുടെ വിസ്മയമൊരുക്കി.
ഇന്നലെ വൈകുന്നേരം സി.കെ. ഹരീന്ദ്രൻ എംഎൽഎ ഘോ ഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ അധ്യക്ഷനായി. സ്കൂളുകൾ, തുറന്ന ജയിൽ, പ്രദേശത്തെ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ, പുരുഷ, വനിതാ സ്വയംസഹായ സംഘങ്ങൾ, കുടുംബശ്രീ, ശിവാനന്ദാശ്രമം, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർ വിവിധ നാടൻ കലാരൂപങ്ങളുമായി ഘോഷയാത്രയിൽ അണിചേർന്നു.
കള്ളിക്കാട് മുതൽ നെയ്യാർഡാം വരെ റോഡിനിരുവശവും നൂറുകണക്കിനു പേരാണു ഘോ ഷയാത്ര കാണാനായി എത്തിയത്. നെയ്യാർഡാമിൽ ചേർന്ന സമാപന സമ്മേളനം സി.കെ.ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് കലാപരിപാടികളും ഉണ്ടായിരുന്നു. ഘോഷയാത്രയോടെ ഈ വർഷത്തെ ഓണം വാരാഘോഷം സമാപിച്ചു.
വനം വകുപ്പ് ഫിഷറീസ് വകുപ്പ് ജലവിഭവ വകുപ്പ് ഡിടിപിസി എന്നിവ ചേർന്നാണ് ഇവിടെ ആഘോഷം സംഘടിപ്പിച്ചത്. കഴിഞ്ഞ അഞ്ചിനാണ് ഓണാലോഷം തുടങ്ങിയത്. വൻ ജന തിരക്കാണ് ഇവിടെ എത്തിയത്.