നബിദിന മതസൗഹാര്‍ദ കുടുംബ സംഗമം സംഘടിപ്പിച്ചു
1590301
Tuesday, September 9, 2025 6:37 AM IST
തിരുവനന്തപുരം: ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തില്‍ പൂജപ്പുര ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ സംഘടിപ്പിച്ച നബിദിന മതസൗഹാര്‍ദ കുടുംബ സംഗമം കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ എംപിയുമായ കെ. മുരളീധരന് ഉദ്ഘാടനം ചെയ്തു.
പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍. ഷിബു മുഖ്യാതിഥിയായിരുന്നു. സിഡബ്ല്യൂസി ചെയര്‍പേഴ്സണ്‍ അഡ്വ. ഷാനിബാ ബീഗം മുഖ്യപ്രഭാഷണം നടത്തി. ദേശീയ മലയാള വേദി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. ലൂഥര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് റോബിന്‍സണ്‍ ഡേവിഡ് മതസൗഹാര്ദസന്ദേശം നല്കി. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന് സ്വാഗതവും, സംസ്ഥാന ചെയര്മാന് പനച്ചമൂട് ഷാജഹാന് നന്ദിയും പറഞ്ഞു.
അപകടത്തെ തുടര്‍ന്നു ചികിത്സയിലിരുന്ന ശേഷം മടങ്ങിയെത്തിയ പ്രമുഖ വിദ്യാഭ്യാസജീവകാരുണ്യ പ്രവര്‍ത്തക യാസ്മിന് സുലൈമാനെ ചടങ്ങില്‍ ആദരിച്ചു. നടന് ശിവ മുരളി, എം.എച്ച്. സുലൈമാന്‍, ഡോ. അരുണ്‍ കുമാര്‍, ബി. പ്രഭാകരന്, എസ്. ഗിരിജാ ദേവി, അട്ടക്കുളങ്ങര സുലൈമാന്‍, ആറ്റിങ്ങല്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ മേഖലയില്‍ മികവു പുലര്‍ത്തിയ വ്യക്തികളെ ആദരിച്ചു. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കും അംഗങ്ങള്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങള്‍ നടത്തി വിജയികള്‍ക്ക് സമ്മാനങ്ങളും നല്കി. ദേശീയ മലയാള വേദിയുടെ ഗായകര്‍ ഒരുക്കിയ ഗാനവിരുന്നും,
നൃത്തവും ഉണ്ടായിരുന്നു. വൈകുന്നേരം പനച്ചമൂട് ഷാജഹാന്റെ അധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനം സൂപ്രണ്ട് ബിനു ജോണ്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഫസീഹ റഹീം, മുജീബ് റഹ്മാന്, അഡ്വ. ജയകുമാരന്‍, വിഴിഞ്ഞം ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. സമ്മാനവിതരണവും നടന്നു.