യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
1590289
Tuesday, September 9, 2025 6:29 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റ് സമരഗേറ്റിനു മുന്നില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് ആസാദ് ഗേറ്റിനു മുന്നിലേക്കും വ്യാപിച്ചു. ഇതിനിടെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ മതില്‍ചാടി അക ത്ത് കടക്കാൻ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇയടാക്കി.
പോലീസും യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവും അരങ്ങേറി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലെ പോലീസ് മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചും മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ആക്രമിച്ച പോലീസുകാരെ സര്‍വീസില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ ആറു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത ജില്ലാ സെക്രട്ടറി ഷബിന് ഹാഷിമിനെ ക്ലിഫ് ഹൗസിലേക്കു മാര്‍ച്ച് നടത്തിയ കേസില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പാളയത്തുനിന്നും പ്രതിഷേധവുമായെത്തിയ പ്രവര്‍ത്തകരെ സമരഗേറ്റിനു മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പോലീസമായി ഉന്തുംതള്ളും അരങ്ങേറി. തുടര്‍ന്നു പ്രവര്‍ത്തകരെ തുരത്താന്‍ പോലീസ് മൂന്നു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ചു. തുടര്‍ന്നാണ് സെക്രട്ടേറിയറ്റിന്റെ സുരക്ഷാഭിത്തി മറികടന്നും നോര്‍ത്ത് ഗേറ്റുവഴിയും അകത്തു കടക്കാന്‍ ശ്രമിച്ചത്.
തുടര്‍ന്ന് സൗത്ത് ഗേറ്റിനു മുന്നില്‍ പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് അറസ്റ്റ് നടപടികളിലേക്കു കടന്നു. ബാരിക്കേഡിന് ഒരുവശത്തുകൂടെ പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്കു കയറാന്‍ ശ്രമിച്ചതും പോലീസ് ചെറുത്തു. ഇതും സംഘര്‍ഷാവസ്ഥ രൂക്ഷമാക്കി.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് നേമം ഷജീര്‍ അധ്യക്ഷത വഹിച്ച മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സജിത് മുട്ടപ്പാലം, അഫ്സല് ബാലരാമപുരം, ആര്.എസ്. വിപിന്‍, ഫൈസല്‍ നന്നാട്ടുക്കാവ് തുടങ്ങിയവര്‍ നേതൃത്വം നല്കി.