നെയ്യാർ ഡാമിലെ ഓണാഘോഷം ഇന്നു സമാപിക്കും
1590014
Monday, September 8, 2025 6:44 AM IST
നെയ്യാർഡാം: നെയ്യാർ ഡാമിലെ ഓണാഘോഷത്തിന് ഇന്ന് സമാപനം. നാലിന് ആരംഭിച്ച ആഘോഷങ്ങൾക്ക് ഇന്നത്തെ സാംസ്കാരിക ഘോഷയാത്രയോടെ സമാപനമാകും. ദീപാലങ്കാരം കാണാനും വിവിധ കലാപരിപാടികൾ ആസ്വദിക്കാനും അയൽ സംസ്ഥാനങ്ങളിൽ നിന്ന് പോലും സഞ്ചാരികളെത്തിയിരുന്നു. സമാപന ദിവസമായന്നു പകൽ രണ്ടിനു നാടൻപാട്ട്, വൈകുന്നേരം നാലിനു സാംസ്കാരിക ഘോഷയാത്ര കള്ളിക്കാട് ജംഗ്ഷനിൽനിന്ന് സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ അധ്യക്ഷനാകും. വിവിധ നൃത്തങ്ങൾ, കാവടി, പൂരക്കാവടി, തെയ്യം, ആയോധന കലാപ്രകടനം എന്നിവ ഘോഷയാത്രയ്ക്കു കൊഴുപ്പേകും. കുടുംബശ്രീ, വിവിധ വാർഡുകൾ, വ്യാപാരി സംഘടനകൾ, സർക്കാർ വകുപ്പുകൾ എന്നിവ ഫ്ലോട്ടുകളുമായി ഘോഷയാത്രയിൽ അണിനിരക്കും, വാദ്യമേളങ്ങളും അകമ്പടിയേകും. ഗ്രീൻ പ്രോട്ടോ കോൾ പാലിച്ചാവും പരിപാടികൾ. നെയ്യാർഡാമിൽ ഘോ ഷയാത്ര സമാപിക്കും. രാത്രി 7.30-ന് സമാപനസമ്മേളനം. തുടർന്ന് റഹ്മാൻ പത്തനാപുരം നയിക്കുന്ന ഗാനമേള.
കോട്ടൂർ ഇക്കോ ടൂറിസം ഓണാഘോഷം എട്ടിന് സമാപിക്കും. ഉത്രാടത്തിനു തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായുള്ള വൈദ്യുത ദീപാലങ്കാരം, ജൈവ-കാർഷിക-കരകൗശല-പ്രദർശന-വിപണന മേള എന്നിവിടങ്ങളിൽ വലിയ തിരക്കാണ്. കലാപരിപാടികൾ ആസ്വദിക്കാനും വിവിധ ഇടങ്ങളിൽനിന്നും നിരവധിപ്പേർ എത്തുന്നുണ്ട്. സമാപനദിവസമായ എട്ടിന് വൈകുന്നേരം നാലിനു വർണശബളമായ സാംസ്കാരിക ഘോഷയാത്ര കാപ്പുകാട് ആനപാർക്കിൽനിന്നു തുടങ്ങി കോട്ടൂർ ജംഗ്ഷനിൽ സമാപിക്കും.