ഓണം വാരാഘോഷം ഇന്നു സമാപിക്കും
1590292
Tuesday, September 9, 2025 6:29 AM IST
ഘോഷയാത്ര വൈകുന്നേരം നാലിന്
തിരുവനന്തരം: ഓണപ്പൊലിമയ് ക്കു നിറച്ചാർത്തേകി താളമേളങ്ങളും കലാരൂപങ്ങളും അണിനിരക്കുന്ന ഘോഷയാത്രയോടെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്നു സമാപനം. വൈകുന്നേരം നാലിനു വെള്ളയന്പലത്തുനിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര കിഴക്കേകോട്ടയിൽ അവസാനിക്കും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഫ്ളാഗ് ഓഫ് നിർവഹിക്കും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകരന്മാർ ശംഖനാദം മുഴക്കുകയും തുടർന്നു വാദ്യോപകരണമായ കൊന്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരനു കൈമാറിക്കൊണ്ട് സാംസ്കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.
വർണ വൈവിധ്യങ്ങൾക്കൊപ്പം ആട്ടവും പാട്ടുമായി 91 കലാരൂപങ്ങളാണ് ഇക്കുറി ഓണം ഘോഷയാത്രയിൽ അണിനിരക്കുക. കേരളീയതയുടെ സംസ് കൃതി പ്രകാശിപ്പിക്കുന്ന അനുഷ്ഠാന കലകൾ, ഗോത്രകലകൾ, നാടൻ കലകൾ, ക്ലാസിക്കൽ കലാരൂപങ്ങൾ,
പുതുകാലത്തിന്റെ ജനകീയകലകൾ എന്നീ അവതരണങ്ങൾക്കൊപ്പം ഭാരത് ഭവന്റെ നേതൃത്വത്തിൽ ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലുങ്കാന, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലകളും നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയത്തെ മുൻനിർത്തി ഘോഷയാത്രയിൽ ഒത്തുചേരും.
ഇന്ത്യയിലെ എട്ട് ക്ലാസിക്കൽ നൃത്തരൂപങ്ങൾ കേരളത്തിന്റെ മുടിയേറ്റ്, തെയ്യം, പടയണി, ഗൊപ്പിയാളനൃത്തം, മംഗലംകളി, ഇരുളനൃത്തം, രുധിരക്കോലം, അലാമിക്കളി, വനിതാകോൽക്കളി, പാവപ്പൊലിമകൾ, ട്രാൻസ് ജെൻഡേഴ്സ് സംഘം അവതരിപ്പിക്കുന്ന അർദ്ധനാരീനൃത്തം, മുറം ഡാൻസ്, ഉലക്ക ഡാൻസ്, പള്ളിവാൾനൃത്തം, മാവേലിയും ഓണപ്പാട്ടുകളും, പുലികളി, കുമ്മാട്ടി, വേലകളി, ഓണപ്പൊട്ടൻ, കാളയും തേരും, കന്പേറ്, മയൂര നൃത്തം, 10 അടി ഉയരമുള്ള കാരിക്കേച്ചർ രൂപങ്ങൾ, ശലഭ, അരയന്ന, മുയൽ നൃത്തങ്ങൾ തുടങ്ങി ഒരു കാലഘട്ടത്തിന്റെ ഓർമ്മയായ സൈക്കിൾ യജ്ഞമടക്കം കാണികൾക്ക് ദൃശ്യവിരുന്നാകും.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഫ്ളോട്ടുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പബ്ലിക് ലൈബ്രറിക്കു മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വിവിഐപി പവലിയനു മുന്നിലും യൂണിവേഴ്സിറ്റി കോളജിനു മുൻവശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും.
ഘോഷയാത്രയിൽ പങ്കെടുക്കുന്നവരും കാണികളും ഹരിത ചട്ടം പാലിക്കണമെന്ന് ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അഭ്യർഥിച്ചു.