പൂവാർ മേഖലയിൽ മിന്നൽ പരിശോധന
1590010
Monday, September 8, 2025 6:44 AM IST
പൂവാർ: അനധികൃത ഉല്ലാസ ബോട്ടുകൾ പിടികൂടാൻ പൂവാർ മേഖലയിൽ കേരള മാരിടൈം ബോർഡ് അധികൃതരുടെ മിന്നൽ പരിശോധന. പത്തോളം ബോട്ടുകളിൽ ക്രമക്കേട് കണ്ടെത്തി. വിഴിഞ്ഞം തുറമുഖത്തെ ഇൻലാൻഡ് വെസൽസ് ആക്ട് എൻഫോഴ്സ്മെന്റ് വിഭാഗമാണു കഴിഞ്ഞ ദിവസം ജില്ലയിൽ ഏറ്റവും കൂടുതൽ ഉല്ലാസബോട്ടുകൾ പ്രവർത്തിക്കുന്ന പൂവാർ മേഖലയിൽ മിന്നൽ പരിശോധന നടത്തിയത്.
ക്രമക്കേട് കണ്ടെത്തിയ പത്തോളം ബോട്ടുകൾക്ക് അധികൃതർ അമ്പതിനായിരത്തോളം രൂപാ പിഴയും ചുമത്തി. നിയമാനുസൃത ലൈസൻസ്, രജിസ്ട്രേഷൻ, സർവ്വേ തുടങ്ങിയവ ഇല്ലാത്ത ബോട്ടുകൾക്കാണു പിഴ ചുമത്തിയത്. പൂവാർ പോലീസും പരിശോധനയുടെ ഭാഗമായിട്ട് ഉണ്ടായിരുന്നു. തുടർന്നും ഈ മേഖലയിൽ കർശന പരിശോധന ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.