സഹോദരങ്ങളെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; ഒരാള്‍ പരിക്കേറ്റു ചികിത്സയില്‍
1590294
Tuesday, September 9, 2025 6:29 AM IST
മ്യൂസിയം പോലീസ് അന്വേഷണം തുടങ്ങി
പേരൂര്‍ക്കട: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സഹോദരങ്ങളെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. പിറകേ വന്ന മറ്റൊരു കാറിലുണ്ടായിരുന്നവര്‍ ഇരുവരെയും പട്ടം കോസ്മോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടുകൂടി നന്തന്‍കോട്ടെ ഒരു ഹോട്ടലിനു സമീപമായിരുന്നു സംഭവം. പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്സിനു സമീപം താമസിക്കുന്ന എസ്.എസ്. സുനിത, ഇവരുടെ സഹോദരന് വട്ടിയൂര്‍ക്കാവ് പുതൂര്‍ക്കോണം സ്വദേശി എസ്.എസ് സുനില്‍ എന്നിവരെയാണ് കാര്‍ ഇടിച്ചിട്ടത്. കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനം നിര്‍ത്തി അപകടം വീക്ഷിച്ചശേഷം യാതൊന്നും പ്രതികരിക്കാതെ വാഹനം ഓടിച്ചുപോകുകയായിരുന്നു. ഇതിനു പിറകേയെത്തിയ മറ്റൊരു കാറിലുണ്ടായിരുന്നവരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
സുനിതയുടെ മകന് അതിന് എസ്. പ്രസാദ് വയറുവേദനയെ തുടര്‍ന്ന് കോസ്മോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്റെ സാധനസാമഗ്രികള്‍ വീട്ടില്‍നിന്ന് എടുക്കുന്നതിനു പേരൂര്‍ക്കടയിലേക്ക് പോകുന്നതിനിടെയാണ് സുനിലും സുനിതയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിറകില്‍ കാര്‍ വന്നിടിക്കുന്നത്. വീഴ്ചയില്‍ സാരമായി പരിക്കേറ്റത് സുനിലിനാണ്.
സംഭവത്തെ തുടര്‍ന്ന് ഇരുവരും മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അപകടത്തില്‍ ഏറെക്കുറെ തകര്‍ന്ന സ്കൂട്ടര്‍ മരുതംകുഴിയിലെ വര്‍ക്ഷോപ്പിലേക്കു മാറ്റി. മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.